ഉത്തരേന്ത്യയില്‍ കനത്ത മഴ; ഗംഗയുടെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കനത്ത മഴ തുടരുന്നത്. അടുത്ത ദിവസങ്ങളിലും ഇവിടെ ശക്തമായ മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് ഗംഗയുടെ തീരത്ത് താമസിക്കുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി വിലയിരുത്തി. രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോള്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉള്ളത്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സഹായം അടിയന്തരമായി നല്‍കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയേയും സൈന്യത്തെയും വിനിയോഗിച്ചിട്ടുണ്ട്. പ്രയാഗ രാജില്‍ ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version