പാലും മുട്ടയും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കരുത്; അത് മതവികാരത്തെ വൃണപ്പെടുത്തും; ബിജെപി എംഎല്‍എ

പാല്‍ വില്‍ക്കുന്ന കടയില്‍ മുട്ടയും കോഴിയിറച്ചിയും വില്‍ക്കരുത്. രണ്ട് കടകള്‍ തമ്മില്‍ അകലം വേണം. ഇതിനായി സര്‍ക്കാരിന്റെ ഇടപെടല്‍ വേണം എന്നും രാമേശ്വര്‍ ആവശ്യപ്പെട്ടു.

ഭോപ്പാല്‍: മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ. പാല്‍ വില്‍ക്കുന്ന കടകള്‍, മാംസവും മുട്ടയും വില്‍ക്കുന്ന കടകളില്‍ നിന്ന് വേര്‍പെടുത്തി സ്ഥാപിക്കാണമെന്ന് മധ്യപ്രദേശിലെ ഹുസൂരില്‍ നിന്നുള്ള രാമേശ്വര്‍ ശര്‍മ്മയാണ് ആവശ്യപ്പെട്ടത്. മധ്യപ്രദേശില്‍ കോഴിയിറച്ചിയും മുട്ടയും പാലും വില്‍ക്കാനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ കടകള്‍ തുറന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.

പാല്‍ വില്‍ക്കുന്ന കടയില്‍ മുട്ടയും കോഴിയിറച്ചിയും വില്‍ക്കരുത്. രണ്ട് കടകള്‍ തമ്മില്‍ അകലം വേണം. ഇതിനായി സര്‍ക്കാരിന്റെ ഇടപെടല്‍ വേണം എന്നും രാമേശ്വര്‍ ആവശ്യപ്പെട്ടു. പശുവിന്‍ പാല്‍ മതപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. വ്രതം അനുഷ്ടിക്കുന്നവരും പശുവിന്‍ പാല്‍ ഉപയോഗിക്കും. ഇത്തരക്കാരുടെ വികാരമാണ് ഒരുമിച്ച് ഇവ വില്‍ക്കുമ്പോള്‍ വൃണപ്പെടുന്നതെന്നും എംഎല്‍എ പറഞ്ഞു.

ജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള മുട്ടയും പാലും ഇറച്ചിയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പുതിയ കടകള്‍ തുറന്നിരിക്കുന്നത്. നല്ലയിനം കരിങ്കോഴി ഇറച്ചി കിലോയ്ക്ക് 900 രൂപക്കാണ് ഈ കടകളില്‍ വില്‍ക്കുന്നത്.

Exit mobile version