തീറ്റയിൽ മാത്രം സഹകരണം; ബാക്കി ബഹിഷ്‌കരണം; ഇന്ത്യ സംഘടിപ്പിച്ച ചടങ്ങ് ബഹിഷ്‌കരിച്ച പാകിസ്താൻ പ്രതിനിധികൾ ഡിന്നറിന് ഹാജരായി!

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുമ്പോൾ പാക് പ്രതിനിധികളുടെ കസേരകൾ ഒഴിഞ്ഞുകിടന്നു.

ന്യൂഡൽഹി: ഇന്ത്യ സംഘടിപ്പിച്ച അന്താരാഷ്ട്ര തലത്തിലെ ചടങ്ങ് ബഹിഷ്‌കരിച്ച പാകിസ്താൻ പ്രതിനിധികൾ, ഡിന്നറിൽ മാത്രം പങ്കെടുത്തു. ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ )മിലിട്ടറി മെഡിസിൻ കോൺഫറൻസാണ് പാകിസ്താൻ ബഹിഷ്‌കരിച്ചത്. എങ്കിലും പാക് പ്രതിനിധികൾ അത്താഴം ബഹിഷ്‌കരിക്കാൻ തയ്യാറായില്ല. ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ആദ്യം ദിവസം പാകിസ്താൻ ബഹിഷ്‌കരണം നടത്തിയത്. എന്നാൽ സമ്മേളനത്തിന് എത്തിയില്ലെങ്കിലും പാക് പ്രതിനിധികൾ അത്താഴത്തിന് കൃത്യമായി എത്തിയെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 12,13 തീയതികളിൽ ഡൽഹിയിലാണ് എസ്‌സിഒ മിലിട്ടറി മെഡിസിൻ കോൺഫറൻസ് നടന്നത്. 27 അന്താരാഷ്ട്ര പ്രതിനിധികളും 40 ഇന്ത്യൻ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. എന്നാൽ ആദ്യദിവസം പാക് പ്രതിനിധികൾ സമ്മേളന വേദിയിൽ എത്തിയിരുന്നില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുമ്പോൾ പാക് പ്രതിനിധികളുടെ കസേരകൾ ഒഴിഞ്ഞുകിടന്നു.

പാകിസ്താൻ പ്രതിനിധികളെ ക്ഷണിച്ചെങ്കിലും അവർ സമ്മേളനത്തിൽ പങ്കെടുത്തില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാറും പ്രതികരിച്ചു. എന്നാൽ സമ്മേളനത്തിന്റെ രണ്ടാംദിവസം പാകിസ്താന്റെ പ്രതിനിധീകരിച്ച് രണ്ടുപേർ പങ്കെടുക്കുമെന്ന് പാക് നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ചൈന, റഷ്യ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ,താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് സ്ഥാപിച്ച ഷാങ്ഹായി കോഓപ്പറേഷൻ ഓർഗനൈസേഷനിൽ 2017-ലാണ് ഇന്ത്യയും പാകിസ്താനും അംഗങ്ങളായി ചേർന്നത്.

Exit mobile version