അറസ്റ്റ് വേണ്ട, എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ കീഴടങ്ങാമെന്ന് ചിദംബരം; ഹർജി തള്ളി സിബിഐ കോടതി; തിഹാറിൽ തുടരും

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂർത്തിയായത്.

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ കീഴടങ്ങാമെന്ന ചിദംബരത്തിന്റെ ഹർജി സിബിഐ കോടതി തള്ളി. കേസിൽ ചിദംബരത്തെ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണം തുടരുകയാണെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂർത്തിയായത്.

നിലവിലെ സാഹചര്യത്തിൽ പി ചിദംബരത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല. അന്വേഷണം തുടരുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത സിബിഐ കോടതിയിൽ വാദിച്ചതിങ്ങനെ. അതേസമയം കേസിൽ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് ചിദംബരം കോടതിയെ അറിയിച്ചത്.

ചിദംബരം ജുഡീഷ്യൽ കസ്റ്റഡയിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും ആവശ്യം വരുമ്പോൾ അറസ്റ്റിലേക്ക് പോവാമെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ച് കൊണ്ടായിരുന്നു കീഴടങ്ങാമെന്ന ഹർജി കോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ചിദംബരം ഈ മാസം 19 വരെയും കസ്റ്റഡിയിലുണ്ടാകും.

Exit mobile version