ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനേക്കാൾ മോശം; തുറന്ന് പറഞ്ഞ് ഐഎംഎഫ്

മാധ്യമ പ്രവർത്തകരോടാണ് ഐഎംഎഫ് വക്താവ് ഗെറി റൈസിന്റെ വെളിപ്പെടുത്തൽ.

ന്യൂഡൽഹി: രാജ്യത്തെ കൂടുതൽ ആശങ്കയിലാക്കി ഐഎംഎഫിന്റെ നിരീക്ഷണം. ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആശങ്കപ്പെട്ടതിനെക്കാൾ മോശമാണെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. ബാങ്കിങ് ഇതര സ്ഥാപനങ്ങൾ ഉൾപ്പടെ കാഴ്ചവെച്ച മോശം വളർച്ചാ നിരക്കാണ് ഇതിന് കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. മാധ്യമ പ്രവർത്തകരോടാണ് ഐഎംഎഫ് വക്താവ് ഗെറി റൈസിന്റെ വെളിപ്പെടുത്തൽ.

കോർപ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ മോശം പ്രവർത്തനവുമാണ് തിരിച്ചടി ഉണ്ടാക്കുന്നതെന്നാണ് ഐഎംഎഫിന്റെ നിലപാട്. പുതിയ കണക്കുകൾ വരുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളർച്ച അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടർച്ചയായി അഞ്ചാം പാദത്തിലാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ കുറവുണ്ടാകുന്നത്.

സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന കാര്യം സർക്കാരും അംഗീകരിച്ചതാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ട്രില്ല്യൺ ഇക്കോണമിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറ്റെടുത്തപ്പോൾ പറഞ്ഞത്. എന്നാൽ സാമ്പത്തിക രംഗം കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാനായത്. ഓഹരി വിപണിയിൽനിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നതാണ് നിലവിലെ തിരിച്ചടി. ഇരുപതു വർഷത്തെ ഏറ്റവും വലിയ തകർച്ചയിലാണ് ഓട്ടോ മൊബൈൽ രംഗം.

Exit mobile version