മൃദു ഹിന്ദുത്വ നിലപാട് തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും; രാജ്യത്ത് മതേതര ചേരിക്ക് നേതൃത്വം നല്‍കുകയാണ് കോണ്‍ഗ്രസിന്റെ കടമ; ശശി തരൂര്‍

പുതിയ പുസ്തകമായ 'ദ ഹിന്ദു വേ : ആന്‍ ഇന്‍ട്രോഡക്ഷന്‍ ടു ഹിന്ദുയിസം' എന്ന പുസ്തക പ്രകാശനത്തിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന് ശശി തരൂര്‍ എംപി. പുതിയ പുസ്തകമായ ‘ദ ഹിന്ദു വേ : ആന്‍ ഇന്‍ട്രോഡക്ഷന്‍ ടു ഹിന്ദുയിസം’ എന്ന പുസ്തക പ്രകാശനത്തിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം.

രാജ്യത്ത് മതേതര ചേരിക്ക് നേതൃത്വം നല്‍കുകയാണ് കോണ്‍ഗ്രസിന്റെ കടമയെന്നാണ്, കോണ്‍ഗ്രസ് അംഗം എന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നത്. മൃദുഹിന്ദുത്വമോ, പ്രീണന നയമോ സ്വീകരിക്കുന്നതിന് പകരം പാര്‍ട്ടി സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയെ പ്രതിരോധിക്കാനായി, കോണ്‍ഗ്രസും മൃദുഹിന്ദുത്വം പിന്തുടരുന്നത് വന്‍ അബദ്ധമാണ്. ഇത് ഒറിജിനല്‍ വേണോ, അനുകരണം വേണോ എന്ന് വോട്ടര്‍മാരോട് ചോദിക്കുന്നതിന് തുല്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.

അധികാരത്തില്‍ ഇരിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വമല്ല യഥാര്‍ത്ഥ ഹിന്ദുത്വം. ശ്രേഷ്ഠമായ ആ വിശ്വാസത്തെ അവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.

Exit mobile version