ശാസ്ത്രജ്ഞരെ ഓർത്ത് രാജ്യത്തിന് അഭിമാനം മാത്രം; ദൗത്യം വിജയിച്ചില്ലെങ്കിലും ഐഎസ്ആർഒയ്ക്ക് അഭിനന്ദനവുമായി രാഷ്ട്രപതിയും രാഷ്ട്രീയ ലോകവും

ഇസ്‌റോയിലെ ശാസ്ത്രജ്ഞൻമാരെ കുറിച്ച് ഓർത്ത് രാജ്യം അഭിമാനിക്കുന്നെന്ന് അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.

ന്യൂഡൽഹി: ചന്ദ്രയാൻ-2 പ്രതീക്ഷിച്ച വിജയം സമ്മാനിച്ചില്ലെങ്കിലും വലിയ ശാസ്ത്രനേട്ടത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ച ഇന്ത്യയിലെ ശാസ്ത്രജ്ഞർക്ക് ആശംസകളും അഭിനന്ദനവുമായി രാഷ്ട്രീയ-സാംസ്‌കാരിക ലോകം. ഇസ്‌റോയിലെ ശാസ്ത്രജ്ഞൻമാരെ കുറിച്ച് ഓർത്ത് രാജ്യം അഭിമാനിക്കുന്നെന്ന് അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇസ്റോയിലെ മുഴുവൻ ശാസ്ത്രജ്ഞൻമാരും അവരുടെ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിച്ചു. നല്ലതിന് വേണ്ടി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

ശാസ്ത്രജ്ഞൻമാരുടെ ഉത്സാഹവും ആത്മസമർപ്പണവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ശാസ്ത്രജ്ഞൻമാരുടെ അദ്ധ്വാനം പാഴായിട്ടില്ലെന്നും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് അടിത്തറ പാകിയതായും രാഹുൽ ഗാന്ധി കുറിച്ചു.

ഇസ്‌റോയിലെ ശാസ്ത്രജ്ഞൻമാർക്കൊപ്പം ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

ഭാവിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും അമിത് ഷാ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ശാസ്ത്രജ്ഞർ ചരിത്രം കുറിച്ചെന്നും മികച്ച പ്രകടനം കാഴ്ചവച്ചെന്നും ശാസ്ത്രജ്ഞരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ട്വിറ്ററിൽ കുറിച്ചു.

ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ-2 ചന്ദോപരിതലത്തിന് കേവലം 2.1 കിലോമീറ്റർ അകലെവെച്ച് നഷ്ടമായെന്ന സൂചനകൾ നൽകി ഐഎസ്ആർഒ രംഗത്തെത്തിയത്. ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ വിക്രം ലാൻഡറിൽ നിന്നും സിഗ്നലുകൾ ലഭിക്കാതാവുകയായിരുന്നു. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്‌നലുകൾ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയത്.

അതീവ ദുഃഖിതനായി കാണപ്പെട്ട അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കെട്ടിപ്പിടിച്ചാണ് ആശ്വസിപ്പിച്ചത്.

Exit mobile version