‘രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഓര്‍ത്ത് മാത്രമാണ് വിഷമം’; ജയിലിലേക്ക് മാറ്റുന്നതിനിടെ ആശങ്ക പങ്കുവച്ച് പി ചിദംബരം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പങ്കുവച്ച് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ റിമാന്‍ഡിലായി തീഹാര്‍ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ മാത്രമാണ് തനിക്ക് വിഷമമെന്നാണ്, ജയിലിലേക്ക് മാറ്റുന്നതിനിടെ ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ചിദംബരത്തെ സെപ്തംബര്‍ 19 വരെയാണ് റോസ് അവന്യൂ കോടതി ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. റിമാന്‍ഡിലായ ചിദംബരത്തെ സിബിഐ ആസ്ഥാനത്തു നിന്നും ജയിലിലേക്ക് ഏത് ഏജന്‍സി മാറ്റും എന്ന ആശയക്കുഴപ്പം ഉടലെടുത്തിരുന്നു.

ഇതിനിടയിലാണ് ചിദംബരം മാധ്യമ പ്രവര്‍ത്തകരുമായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലുള്ള ആകുലത പങ്കുവച്ചത്. ചൊവ്വാഴ്ച സിബിഐ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവു വന്നപ്പോഴും ചിദംബരം സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതിനെ പറ്റി പ്രതികരിച്ചിരുന്നു.

Exit mobile version