വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി; ചരിത്രനിമിഷം പങ്കിട്ട് അഭിനന്ദനും വ്യോമസേന ചീഫ് മാര്‍ഷലും

പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നിന്നാണ് അഭിനന്ദന്‍ വര്‍ത്തമാനും എയര്‍ ചീഫ് മാര്‍ഷലും ചേന്ന് ഫൈറ്റര്‍ വിമാനം പറത്തിയത്

ന്യൂഡല്‍ഹി: വ്യോമസേന മേധാവി മാര്‍ഷല്‍ ബിഎസ് ധനോവയ്‌ക്കൊപ്പം ചരിത്ര നിമിഷം പങ്കിട്ട് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. ഇരുവരും ചേര്‍ന്ന് രാജ്യത്തിന്റെ മിഗ് 21 പോര്‍വിമാനം പറത്തി. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നിന്നാണ് അഭിനന്ദന്‍ വര്‍ത്തമാനും എയര്‍ ചീഫ് മാര്‍ഷലും ചേന്ന് ഫൈറ്റര്‍ വിമാനം പറത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്.

വ്യോമസേനാ മേധാവി ബിഎസ് ധനോവ ഈ മാസം അവസാനത്തോടെ വിരമിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 27ന് പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആക്രമണത്തോട് പ്രതികരിക്കുന്നതിനിടെ അഭിനന്ദന്‍ വര്‍ത്തമാന്റെ വിമാനം തകരുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ എഫ്16 പോര്‍വിമാനം വെടിവച്ചിടാനും അഭിനന്ദനു സാധിച്ചു.

ഫെബ്രുവരി 26ന് ബാലകോട്ട് വ്യോമാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാന്‍ വ്യോമസേന ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അന്ന് നടന്ന ഡോഗ് ഫൈറ്റിലും അഭിനന്ദന്‍ പറത്തിയത് മിഗ് -21 യുദ്ധവിമാനമായിരുന്നു. പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം തകര്‍ത്ത അഭിനന്ദന്‍ വര്‍ത്തമാനിന് രാജ്യം വീര്‍ ചക്ര നല്‍കി ആദരിച്ചിരുന്നു.

Exit mobile version