ചന്ദ്രയാന്‍ 2; മറ്റൊരു നിര്‍ണ്ണായക ഘട്ടം ഇന്ന്; ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും

ബംഗളൂരു: ചന്ദ്രയാന്‍ 2 വിന്റെ മറ്റൊരു നിര്‍ണ്ണായക ഘട്ടം ഇന്ന് നടക്കും. ഇന്ന് വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടും. ഇന്ന് ഉച്ചയോടെ ആയിരിക്കും ഇത് വേര്‍പെടുക. കഴിഞ്ഞ ദിവസമാണ്
ഉപഗ്രഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭ്രമണപഥ മാറ്റം നടന്നത്.

ഇന്ന് ഉച്ചയ്ക്ക് 12:45നും 1:45നും ഇടയില്‍ ആയിരിക്കും ചന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും രണ്ടായി വേര്‍പെടുക. നിലവില്‍ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. രണ്ടായി പിരിഞ്ഞതിന് ശേഷം ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ തന്നെ തുടരും.

വിക്രം ലാന്‍ഡര്‍ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ മൂന്നിനും നാലിനുമായിരിക്കും ഈ ഭ്രമണപഥ താഴ്ത്തലുകള്‍ നടക്കുക. ഇതിന് ശേഷം ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ ക്യാമറ നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്റെ ദൃശ്യങ്ങളെടുത്ത് ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്റെ കൃത്യമായ മാപ്പ് തയ്യാറാക്കാന്‍ ഓഎച്ച്ആര്‍സി നല്‍കുന്ന ചിത്രങ്ങള്‍ ഉപയോഗിക്കും.

സെപ്റ്റംബര്‍ ഏഴിനാണ് ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. പുലര്‍ച്ചെ 1:30നും 2.30നും ഇടയില്‍ ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒയുടെ തീരുമാനം. ഈ ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Exit mobile version