പരസ്യത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്നു: റെഡ് ലേബല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍

മുംബൈ: ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് ചായപ്പൊടി ബ്രാന്‍ഡായ റെഡ് ലേബല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ ക്യാംപെയിന്‍. ഒരു വര്‍ഷം മുമ്പ് ചെയ്ത പരസ്യത്തെ ചൊല്ലിയാണ് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ബോയ്‌കോട്ട് റെഡ് ലേബല്‍ ക്യാംപെയിന്‍ തുടങ്ങിയത്.

വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് ഒരാള്‍ ഗണപതി വിഗ്രഹം വാങ്ങാന്‍ കടയിലെത്തുന്നിടത്താണ് പരസ്യം തുടങ്ങുന്നത്. വിഗ്രഹങ്ങള്‍ കാണിക്കുന്നതിനിടെ ബാങ്ക് വിളി മുഴങ്ങിയപ്പേള്‍ കടയുടമ വെള്ളത്തൊപ്പി ധരിച്ചു. ഗണേശ വിഗ്രഹം വില്‍ക്കുന്ന കട മുസ്‌ലിമിന്റേതാണെന്ന് അറിഞ്ഞപ്പോള്‍ വിഗ്രഹം വാങ്ങാതെ പോകാന്‍ ഒരുങ്ങുകയാണ് ഉപഭോക്താവ്. തുടര്‍ന്ന് കടയുടമ അയാള്‍ക്ക് ഒരു ചായ നല്‍കുന്നു. ഒരുമിച്ച് ചായ കുടിക്കുന്നതിനിടെ ഇരുവരും സൗഹൃദത്തിലാകുന്നു.

എന്തുകൊണ്ട് ഈ ജോലി തെരഞ്ഞെടുത്തു എന്ന് ചോദിക്കുമ്പോള്‍ ഇതും ഒരു ആരാധനയാണെന്ന് കടയുടമ പറയുന്നു. തുടര്‍ന്ന് ഗണേശ രൂപം വാങ്ങാന്‍ തയ്യാറാവുകയാണ് അയാള്‍. പരസ്യം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് പരസ്യത്തിന്റെ അവസാനം എഴുതിക്കാണിക്കുന്നുണ്ട്.

അതേസമയം, പരസ്യം ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ്, ഇനി ഹിന്ദുക്കള്‍ റെഡ് ലേബല്‍ ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി ഒരു വിഭാഗം ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ, ചിലര്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെടുന്നു.

അതേസമയം പരസ്യത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ആരും ഹിന്ദുക്കളെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും ഉത്സവകാലത്ത് ബോധപൂര്‍വ്വം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ചിലര്‍ പറയുന്നു.

Exit mobile version