മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചത്.

ഇന്ന് രാവിലെ പത്ത് മണിക്കാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിര്‍പൂരിലെ വഗാഡി ഗ്രാമത്തിലുളള കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ഉണ്ടായത്. ഇതുവരെ സ്‌ഫോടനത്തില്‍ മരിച്ചത് 22 പേരാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊട്ടിത്തെറിച്ച ബോയിലറിന്റെ അടുത്ത് കൂടുതല്‍ പേര്‍ ജോലിക്ക് ഉണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനത്തില്‍ ഇരുപത്തഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ച് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ക്കൊപ്പം ദുരന്തനിവാരണ സേനയുടെ യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം ഫാക്ടറിയില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നത് കാരണം സമീപത്തെ ആറ് ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version