ചന്ദ്രയാന്‍ 2; നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരം

ബംഗളൂരു: ചന്ദ്രയാന്‍ 2 വിന്റെ നാലാംഘട്ട ഭ്രമണപഥ മാറ്റം വിജയകരം. ഇന്നലെ വൈകീട്ട് 6.18 ഓടെ തുടങ്ങിയ ഭ്രമണപഥ മാറ്റം 6.37ന് പൂര്‍ത്തിയായി. ചന്ദ്രനില്‍ നിന്ന് 124 കിലോമീറ്റര്‍ കുറഞ്ഞ ദൂരവും 164 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് ഇപ്പോള്‍ ഉള്ളത്.

ആഗസ്റ്റ് 20ന് ചന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള നാലാമത്തെ ഭ്രമണപഥ മാറ്റമാണ് ഇന്നലെ വൈകീട്ട് പൂര്‍ത്തിയായത്. സെപ്റ്റംബര്‍ ഒന്നിനാണ് അവസാനഘട്ട ഭ്രമണപഥ മാറ്റം നടക്കുക.

സെപ്റ്റംബര്‍ ഒന്ന് വൈകീട്ട് ആറ് മണിക്കും ഏഴ് മണിക്കും ഇടയിലാണ് അവസാനഘട്ട ഭ്രമണപഥ മാറ്റം നടക്കുക. ഈ ഭ്രമണപഥ മാറ്റത്തോടെ ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള വര്‍ത്തുള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 2 എത്തും.

സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടും. സെപ്റ്റംബര്‍ ഏഴിനാണ് ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. പുലര്‍ച്ചെ 1:30നും 2.30നും ഇടയില്‍ ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒയുടെ തീരുമാനം.

Exit mobile version