ഹവാല പണത്തിന്റെ കണക്കാണെന്ന് തെറ്റിദ്ധരിച്ചു; പ്രമുഖ ഹൃദ്രോഗ വിദഗ്ധനെ കസ്റ്റഡിയിലെടുത്ത് എൻഐഎയുടെ അബദ്ധം

കാർഡിയോളജിസ്റ്റും ബാദ്ര ആശുപത്രിയുടെ ചെയർമാനുമായ ഉപേന്ദ്ര കൗളിന് കുരുക്കായത്.

ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനെ ഹവാല കേസിൽ കസ്റ്റഡിയിലെടുത്ത എൻഐഎയ്ക്ക്അമളി പറ്റി. രക്തപരിശോധനാ ഫലത്തെ ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ചാണ് ഡോക്ടറെ എൻഐഎ ചോദ്യം ചെയ്തത്. കശ്മീരിലെ വിഘടനവാദിനേതാവ് യാസിൻ മാലിക്കിന് അയച്ച എസ്എംഎസ് സന്ദേശമാണ് കാർഡിയോളജിസ്റ്റും ബാദ്ര ആശുപത്രിയുടെ ചെയർമാനുമായ ഉപേന്ദ്ര കൗളിന് കുരുക്കായത്.

കാശ്മീരിലെ തീവ്രവാദ സംഘടനകൾക്ക് പണം കൈമാറിയതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അറിയാൻ ചോദ്യംചെയ്യലിന് ഹാജരാകണമെന്നും കാണിച്ച് കൗളിന് എൻഐഎ നോട്ടീസ് അയക്കുകയായിരുന്നു. ഇതിനുപിന്നാലെ വെള്ളിയാഴ്ച അരമണിക്കൂറോളമാണ് കൗളിനെ ചോദ്യംചെയ്തത്.

കൗളിന്റെ കീഴിൽ ചികിത്സ തേടുന്ന രോഗിയാണ് യാസിൻ മാലിക്ക്. ഐഎൻആർ 2.78 എന്ന രക്തപരിശോധനാ ഫലം എസ്എംഎസ്സായി യാസിൻ മാലിക്കിന് ഡോക്ടർ കൗൾ അയച്ചുകൊടുത്തിരുന്നു. അലോപ്പതിയിൽ ഐഎൻആർ എന്നാൽ ഇന്റർനാഷണലൈസ്ഡ് നോർമലൈസ്ഡ് റേഷ്യോ എന്നാണ്.

എന്നാൽ സന്ദേശത്തിലെ ഐഎൻആർ ഇന്ത്യൻ രൂപയായി തെറ്റിദ്ധരിച്ച എൻഐഎ സംഘം 2.78 കോടി ഹവാല പണമായി നൽകിയെന്ന് സംശയിക്കുകയായിരുന്നു. പിന്നീട് തെറ്റിദ്ധാരണ നീങ്ങുകയും ഡോക്ടറെ വിടുകയും ചെയ്തു. സർക്കാരിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും ഇവർ ചെയ്യുന്നത് രാജ്യത്തിന്റെ നല്ലതിന് വേണ്ടിയാണ്. ആ നിലപാടിനൊപ്പമാണ് താനെന്നും ഡോക്ടർ കൗൾ പിന്നീട് സംഭവത്തെ കുറിച്ച് പറഞ്ഞു.

Exit mobile version