മധ്യപ്രദേശിലെ പ്രതിസന്ധിയില്‍ താത്ക്കാലിക പരിഹാരം; പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് കമല്‍നാഥ്

'പുതിയ അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് രോഷമുണ്ടെന്ന് തോന്നുന്നില്ല. സോണിയ ഗാന്ധിയുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി'യെന്നും കമല്‍നാഥ് പ്രതികരിച്ചു

ന്യൂഡല്‍ഹി; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കമല്‍നാഥും മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കത്തിന് താത്ക്കാലിക പരിഹാരം. പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് കമല്‍നാഥ് വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ നേരില്‍ക്കണ്ടാണ് കമല്‍നാഥ് ഇക്കാര്യമറിയിച്ചത്. തന്നെ പിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കമല്‍നാഥിന്റെ നടപടി.

‘പുതിയ അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് രോഷമുണ്ടെന്ന് തോന്നുന്നില്ല. സോണിയ ഗാന്ധിയുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി’യെന്നും കമല്‍നാഥ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആരെ മുഖ്യമന്ത്രിയാക്കുമെന്ന തര്‍ക്കം മധ്യപ്രദേശില്‍ നിലനിന്നിരുന്നു. കടുത്ത തര്‍ക്കത്തിനൊടുവില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. അതെസമയം പിസിസി അധ്യക്ഷനായ കമല്‍നാഥ് മുഖ്യമന്ത്രി ആകുമ്പോള്‍ സിന്ധ്യ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍

എന്നാല്‍ എട്ടുമാസമായിട്ടും പിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാന്‍ കമല്‍ നാഥ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പിസിസി അധ്യക്ഷനായി തന്നെ നിയമിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് സിന്ധ്യ അറിയിച്ചത്. ബിജെപിയുമായി സിന്ധ്യ ചര്‍ച്ച നടത്തിയതായും വാര്‍ത്തയുണ്ടായിരുന്നു.

ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ഇപ്പോള്‍ സിന്ധ്യക്കുള്ളത്. അതുകൊണ്ടുതന്നെ,അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന സിന്ധ്യയുടെ മുന്നറിയിപ്പിനെ ഏറെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

Exit mobile version