കൂട്ടത്തോടെ ലിഫ്റ്റില്‍ കയറി, പിന്നാലെ ലിഫ്റ്റ് തകര്‍ന്നു വീണു! കമല്‍നാഥും നേതാക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഹനുമാന്‍ കാത്തുവെന്ന് ട്വീറ്റ്

Lucky escape | Bignewslive

ഇന്ദോര്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും കയറിയ ലിഫ്റ്റ് തകര്‍ന്നുവീണു. തലനാരിഴയ്ക്കാണ് സംഘം രക്ഷപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ലിഫ്റ്റാണ് തകര്‍ന്നുവീണത്. ഗ്രൗണ്ട് നിലയില്‍നിന്ന് മുകളിലേക്ക് പോകാനായി നേതാക്കള്‍ കൂട്ടമായി ലിഫ്റ്റില്‍ കയറിയതോടെ പിടിവിട്ട് അത് താഴോട്ട് പതിക്കുകയായിരുന്നു.

ആള്‍ കൂടുതലായതിനാലാകാം, അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. എല്ലാവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ‘ഹനുമാന്‍ ദൈവം കാത്തുവെന്ന്’ പിന്നീട് കമല്‍നാഥ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ദോറിലുണ്ടായിരുന്ന കമല്‍നാഥ് ചികിത്സയിലായിരുന്ന മുന്‍ മന്ത്രി രാമേശ്വര്‍ പട്ടേലിനെ കാണാനാണ് മറ്റു നേതാക്കള്‍ക്കൊപ്പം വൈകുന്നേരം 6.15ഓടെ ഡിഎന്‍എസ് ആശുപത്രിയിലെത്തിയത്.

നേതാക്കളായി ജിത്തു പട്‌വാരി, സജ്ജന്‍ സിങ് വര്‍മ, വിശാല്‍ പട്ടേല്‍ തുടങ്ങിയവരുമുണ്ടായിരുന്നു. താഴത്തെ നിലയില്‍നിന്ന് മൂന്നാം നിലയിലേക്ക് പോകാനായാണ് ലിഫ്റ്റില്‍ കയറിയത്. എന്നാല്‍, ആള്‍ കൂടിയതോടെ മുകളിലേക്ക് പുറപ്പെടേണ്ട എലവേറ്റര്‍ കുത്തനെ താഴോട്ടുപതിക്കുകയായിരുന്നു. 10 അടി താഴെ ബേസ്‌മെന്റില്‍ ചെന്നാണ് അത് നിന്നത്.

അടുത്തിടെ നിര്‍മിച്ച ആശുപത്രിയുടെ എലവേറ്റര്‍ തകര്‍ന്നത് ഞെട്ടലുണ്ടാക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version