കമല്‍നാഥ് നിയന്ത്രിക്കാത്തതിനാലാണ് മധ്യപ്രദേശില്‍ ഇത്രയധികം കൊവിഡ് വ്യാപിക്കാന്‍ കാരണം; പഴിചാരി ശിവരാജ് സിങ് ചൗഹന്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ കൊറോണ വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിനെ പഴിചാരി ശിവരാജ് സിങ് ചൗഹാന്‍. കൊറോണയെ നിയന്ത്രിക്കാന്‍ കമല്‍നാഥ് മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. താന്‍ സംസ്ഥാന മുഖ്യമന്ത്രിയായ ശേഷം ജില്ലാ ഭരണകൂടത്തില്‍ മാറ്റം വരുത്തിയതായും അവരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദി ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശിവരാജ് സിങ് ചൗഹാന്റെ വാക്കുകള്‍ ഇങ്ങനെ ;

ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇന്ദോറില്‍ നിന്ന് ധാരാളം കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം നേരത്തെ തന്നെ ചില പ്രദേശങ്ങളില്‍ വ്യാപിച്ചതിനാലാണ് കേസുകളും മരണങ്ങളും വര്‍ധിച്ചുവരുന്നത്. ഇത് നിയന്ത്രിക്കാന്‍ കമല്‍നാഥ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല’

ഞങ്ങള്‍ പരിശോധനാ നിരക്ക് വിപുലമാക്കിയിട്ടുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഇന്ദോറില്‍ 8-9 ലക്ഷം ആളുകള്‍ക്ക് ഒരു സര്‍വെ നടത്തി. വീടുതോറും സര്‍വേ നടത്തുകയും കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെയും മോശമായി പെരുമാറിയവര്‍ക്കെതിരെയും നടപടി എടുക്കുകയും ചെയ്തു.’

കഴിഞ്ഞ സര്‍ക്കാര്‍ രോഗത്തിനെതിരെ പോരാടുന്നതിനുള്ള സംവിധാനങ്ങളോ സൗകര്യങ്ങളോ സൃഷ്ടിച്ചിട്ടില്ല. ഏഴ് ടെസ്റ്റുകള്‍ നടത്തിയ ഒരു ടെസ്റ്റിംഗ് ലാബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനുള്ള തിരക്കിലായിരുന്നു കമല്‍നാഥ്. ഒരു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ അതിന്റെ ചുമതലയും ഉത്തരവാദിത്തവും വഹിക്കണം. ഒടുവില്‍ സാഹചര്യം നിയന്ത്രണമേറ്റെടുത്തു.

Exit mobile version