സീതാറാം യെച്ചൂരി കശ്മീരിലെത്തി തരിഗാമിയെ സന്ദര്‍ശിച്ചു; ഇന്ന് ശ്രീനഗറില്‍ തങ്ങും

ശ്രീനഗര്‍: പാര്‍ട്ടി നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഉച്ചയോടെ ശ്രീനഗറിലെത്തിയ യെച്ചൂരി പോലീസ് എസ്‌കോര്‍ട്ടിലാണ് തരിഗാമിയുടെ വീട്ടിലെത്തിയത്. മൂന്നുമണിക്കൂറോളം സമയം തരിഗാമിയ്‌ക്കൊപ്പം അദ്ദേഹം ചെലവിട്ടു. ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ് തരിഗാമി.

വിമാനത്താവളത്തില്‍നിന്ന് കനത്ത സുരക്ഷാ അകമ്പടിയോടെയാണ് യെച്ചൂരി, തരിഗാമിയുടെ വീട്ടിലെത്തിയത്. അതേസമയം, യെച്ചൂരി ഇന്ന് കാശ്മീരില്‍ തങ്ങി നാളെ തിരിച്ചുപോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സുപ്രീംകോടതിയുടെ അനുമതിയോടെയാണ് യെച്ചൂരിയുടെ സന്ദര്‍ശനം. തരിഗാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യെച്ചൂരി പിന്നീട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. കഴിഞ്ഞ ദിവസമാണ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. തരിഗാമിയെ കോടതിയില്‍ ഹാജരാക്കണമെന്ന യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു അനുമതി.

ഗുപ്കര്‍ റോഡിലെ വീട്ടിലാണ് തരിഗാമി കരുതല്‍ തടങ്കലില്‍ കഴിയുന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ട്. താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികള്‍ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിര്‍ദ്ദേശിച്ചിരുന്നു. ആഗസ്റ്റ് ഒന്‍പതിനും യെച്ചൂരി തരിഗാമിയെ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.

Exit mobile version