ആരോഗ്യത്തിന് കുഴപ്പമില്ല, 110 വയസുവരെ ജീവിക്കും: പ്രചാരണങ്ങളെ തള്ളി വീഡിയോയുമായി ദലൈലാമ

ന്യൂഡല്‍ഹി: ആരോഗ്യസ്ഥിതിക്ക് പ്രശ്നമൊന്നുമില്ലെന്നും താന്‍ 110 വയസുവരെ ജീവിക്കുമെന്നും തിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ (84). ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് അനുയായികള്‍ക്ക് സന്ദേശവുമായി ലാമ രംഗത്തെത്തിയത്.

തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ദലൈലാമ പറയുന്ന വീഡിയോ മിനോസോട്ട തിബറ്റന്‍ അസോസിയേഷന്‍ അംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ആഗസ്റ്റ് പതിനെട്ടിന് പങ്കുവച്ച വീഡിയോ അറുപത് ലക്ഷത്തോളം പേരാണ് കണ്ടത്. 110 വയസുവരെ താന്‍ ജീവിക്കുമെന്ന് ദലൈലാമ വീഡിയോയില്‍ പറയുന്നുണ്ട്.

ഇന്ത്യാ ഗവണ്‍മെന്റ് തന്റെ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിനോസോട്ട തിബറ്റന്‍സ് പുറത്തുവിട്ട സ്റ്റേറ്റ്മെന്റില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പട്ട രീതിയിലാണെന്ന് വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ദലൈലാമയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് ദലൈ ലാമയെ പ്രവേശിപ്പിച്ചതിന് പിന്നാലെ വന്ന വാര്‍ത്തകളെ തള്ളിയാണ് അദ്ദേഹം തന്റെ ആയുസ്സ് പ്രവചിച്ചിരിക്കുന്നത്. തുടര്‍ന്ന് നിരവധി വ്യാജ വാര്‍ത്തകള്‍ പരന്നിരുന്നു. വീഡിയോ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള ദലൈലാമയുടെ അനുയായികള്‍ ആശ്വാസത്തിലാണ്.

Exit mobile version