ചിദംബരത്തിന് എതിരെ ഒരു ബാങ്ക് അക്കൗണ്ട് രേഖയെങ്കിലും ഹാജരാക്കാനാകുമോ; എൻഫോഴ്‌സ്‌മെന്റിനോട് കപിൽ സിബൽ

26 മണിക്കൂറിലെ പരിശോധനയ്ക്കുശേഷവും അദ്ദേഹത്തിൽ നിന്ന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്നും കപിൽ സിബൽ

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിനെതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് അഭിഭാഷകൻ കപിൽ സിബൽ. ചിദംബരത്തിനെതിരെ ഒരു ബാങ്ക് അക്കൗണ്ട് രേഖയെങ്കിലും ഹാജരാക്കാൻ സാധിക്കുമോ എന്നാണ് കപിൽ സിബൽ ചോദിക്കുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്ത കവറിൽ അവർ രേഖകൾ ഡൽഹി ഹൈക്കോടതിയിൽ ഹാജാരാക്കിയതിനേയും കപിൽ സിബൽ ചോദ്യം ചെയ്തു.

ചിദംബരവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹത്തിനെതിരെ എന്തെങ്കിലും രേഖകൾ ലഭ്യമാണെങ്കിൽ ഹാജരാക്കാൻ മടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു.

ട്വിറ്റർ അക്കൗണ്ടുണ്ടോയെന്നൊക്കെയാണ് സിബിഐ ചിദംബരത്തോട് ചോദിക്കുന്നത്. എന്തുതരം ചോദ്യം ചെയ്യലാണിത്. 26 മണിക്കൂറിലെ പരിശോധനയ്ക്കുശേഷവും അദ്ദേഹത്തിൽ നിന്ന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്നും കപിൽ സിബൽ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വാദം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകനായ കബിൽ സിബൽ.

Exit mobile version