ദേശീയതയുടെ പേരില്‍ കാശ്മീരിലെ ജനങ്ങള്‍ക്കുള്ള ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്; ഇതിനെതിരേ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്; പ്രിയങ്കാ ഗാന്ധി

കാശ്മീരിലെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധതയും രാഷ്ട്രീയവും മറ്റൊന്നിലുമില്ല

ന്യൂഡല്‍ഹി: ദേശീയതയുടെ പേരില്‍ കാശ്മീരിലെ ജനങ്ങള്‍ക്കുള്ള ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ശ്രീനഗറിലേക്ക് സഞ്ചരിച്ച വിമാനത്തില്‍ യാത്ര ചെയ്ത കാശ്മീരുകാരിയായ സ്ത്രീ, രാഹുല്‍ ഗാന്ധിക്കു മുമ്പില്‍ പരാതി പറയുന്ന വീഡിയോ ട്വീറ്റ് ചെയ്താണ് സര്‍ക്കാരിനെതിരായ പ്രിയങ്കയുടെ വിമര്‍ശനം.

കാശ്മീരിലെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധതയും രാഷ്ട്രീയവും മറ്റൊന്നിലുമില്ല. ഇതിനെതിരേ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ഇക്കാര്യം ഉന്നയിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ജമ്മുകാശ്മീര്‍ ഭരണകൂടം ഇന്നലെ തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചില്ല.

രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെസി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ അടങ്ങുന്ന സംഘത്തെയാണ് തിരിച്ചയച്ചത്.

Exit mobile version