ഒമ്പത് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് ശക്തരായ നാല് നേതാക്കളെ

എച്ച്എന്‍ അനന്ത് കുമാര്‍, മനോഹര്‍ പരീക്കര്‍, സുഷമ സ്വരാജ്, ഒടുവില്‍ അരുണ്‍ ജയ്റ്റ്‌ലിയും

ന്യൂഡല്‍ഹി: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബിജെപിക്ക് നഷ്ടമായത് ശക്തരായ നാലു നേതാക്കളെയാണ്. എച്ച്എന്‍ അനന്ത് കുമാര്‍, മനോഹര്‍ പരീക്കര്‍, സുഷമ സ്വരാജ്, ഒടുവില്‍ അരുണ്‍ ജയ്റ്റ്‌ലിയും. ആദ്യ മോഡി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തവരായിരുന്നു നാലു പേരും. 2018 നവംബറില്‍ മന്ത്രിപദത്തിലിരിക്കയാണ് അനന്ത്കുമാറിന്റെ വിയോഗം.

വാജ്‌പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത്കുമാര്‍. പ്രതിരോധ മന്ത്രിയായിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിത്തുടങ്ങിയിരുന്നെങ്കിലും പാര്‍ട്ടിക്കു വേണ്ടി ഗോവന്‍ രാഷ്ട്രീയത്തിലേക്കു മടങ്ങിയ പരീക്കര്‍ അവിടെ മുഖ്യമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണു മരണത്തിനു കീഴടങ്ങിയത്.

അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 2019 ഓഗസ്റ്റില്‍ ഹൃദായഘാതത്തെ തുടര്‍ന്നാണ് മുന്‍ വിദേശകാര്യ മന്ത്രി സുഷ്മസ്വരാജ് അന്തരിച്ചു. സുഷമയും ജയ്റ്റ്‌ലിയും സാധ്യതകളുണ്ടായിട്ടും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് ഇക്കുറി സ്വയം പിന്മാറുകയായിരുന്നു.

ഡല്‍ഹി രാഷ്ട്രീയത്തിലും പിന്നീടു ദേശീയ രാഷ്ട്രീയത്തിലും ഏറെക്കാലം ഒന്നിച്ചുപ്രവര്‍ത്തിച്ച സുഷമ മരിച്ച് 18-ാം ദിവസം കഴിഞ്ഞാണ് ജയ്റ്റ്‌ലിയുടെ വിയോഗം. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ വകുപ്പ് അടക്കം ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്നു. പിന്നീട് സുഷമ ആ വകുപ്പ് ഏറ്റെടുത്തു.

Exit mobile version