മൃതദേഹത്തോടും മേല്‍ ജാതിക്കാരുടെ കൊടും ക്രൂരത; ശ്മശാനത്തിലേക്കുള്ള വഴി അടച്ചു, മൃതദേഹം പാലത്തില്‍ നിന്ന് കയര്‍കെട്ടി ഇറക്കി

വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ എന്‍ കുപ്പുവിന്റെ മൃതദേഹത്തോടാണ് ഈ അവഗണന

വെല്ലൂര്‍: മൃതദേഹത്തോടും മേല്‍ ജാതിക്കാരുടെ കൊടും ക്രൂരത. തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം. ശ്മശാനത്തിലേക്കുള്ള വഴി മേല്‍ജാതിക്കാര്‍ അടച്ചതിനെ തുടര്‍ന്ന് പാലത്തില്‍ നിന്ന് മൃതദേഹം കയര്‍കെട്ടി താഴെ ഇറക്കുകയാണ് വെല്ലൂരിലെ ഒരു കൂട്ടം ദളിത് വിഭാഗത്തില്‍പെട്ട മനുഷ്യര്‍.

വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ എന്‍ കുപ്പുവിന്റെ മൃതദേഹത്തോടാണ് ഈ അവഗണന. ഓഗസ്റ്റ് 17നാണ് കുപ്പു മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് നാരായണപുരം ആടി ദ്രാവിഡര്‍ കോളനിയിലെ ശ്മശാനം പ്രവര്‍ത്തനരഹിതമായിരുന്നു. ഈ സാഹചര്യത്തില്‍ പാലാര്‍ നദിക്കരയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹവുമായി എത്തിയവരെ വെല്ലല ഗൗണ്ടര്‍-വാണിയാര്‍ വിഭാഗത്തില്‍പെട്ടവര്‍ തടയുകയായിരുന്നു. തങ്ങളുടെ ഭൂമിയിലൂടെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. പാലര്‍ നദിക്കു മുകളിലെ നാരായണപുരം പാലത്തിന്റെ നിര്‍മ്മാണത്തിന് ശേഷം നദിക്കരയിലേക്കുളള വഴി മേല്‍ജാതിക്കാര്‍ കയ്യേറുകയും ദളിതര്‍ക്ക് പോകാനുള്ള വഴി അടയ്ക്കുകയുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് തവണ ഇത് പോലെ മൃതദേഹങ്ങള്‍ കയറുകെട്ടിയിറക്കിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Exit mobile version