‘ചിദംബരത്തിന്റെ അറസ്റ്റ് അവരുടെ ‘ഷാഡിൻഫ്രോയ്ഡ്”; പ്രതിഷേധിച്ച് പുതിയ വാക്കുമായി തരൂർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രതികാരബുദ്ധിയോടെയാണ് മുൻകേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്തതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണത്തിന് പിന്നാലെ രാഷ്ട്രീയരംഗത്തു നിന്നും ചിദംബരത്തിന് പിന്തുണയേറുന്നു. കോൺഗ്രസ് നേതാക്കൾ ചിദംബരത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇതിനിടെ ചിദംബരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ശശി തരൂർ എംപി പുതിയ ഒരു വൈറൽ വാക്കു കൂടി സോഷ്യൽമീഡിയയിക്ക് സമ്മാനിച്ചിരിക്കുകയാണ്. -ഷാഡിൻഫ്രോയ്ഡ് (schadenfreude). എന്ന വാക്കാണ് തരൂർ ഉപയോഗിച്ചിരിക്കുന്നത്. അർത്ഥം മറ്റൊരാളുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന മാനസികാവസ്ഥ.

എല്ലാപ്രതിസന്ധികൾക്കും ഒടുവിൽ നീതി തന്നെ ജയിക്കുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാൻ അനുവദിക്കാം എന്നുമൊക്കെയാണ് തരൂരിന്റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ള ട്വീറ്റിൽ പറയുന്നത്. എന്നാൽ ഷാഡിൻഫ്രോയ്ഡ് എന്ന വാക്കാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി വൈകിയാണ് ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പൂട്ടിയിട്ട വീടിന്റെ മതിൽ ചാടികടന്ന് സിബിഐ അകത്തുകയറിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് തരൂർ ട്വിറ്ററിൽ പോസ്റ്റിട്ടത്.

Exit mobile version