നിസാമാബാദിന്റെ പേര് ഇന്ദൂര്‍ എന്നാക്കണം; പേരുമാറ്റല്‍ ആവശ്യവുമായി വീണ്ടും ബിജെപി

നിസാമാദില്‍ നിന്നുള്ള ബിജെപി എംപി അരവിന്ദ് ധര്‍മപുരിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്.

ഹൈദരാബാദ്: ചെറിയ ഇടവേളയ്ക്ക് ശേഷം പേരുമാറ്റല്‍ ആവശ്യവുമായി വീണ്ടും ബിജെപി. ഇത്തവണ തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായിട്ടാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. നിസാമാബാദ് എന്നത് മാറ്റി ഇന്ദൂര്‍ എന്നാക്കി മാറ്റണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

നിസാമാബാദില്‍ നിന്നുള്ള ബിജെപി എംപി അരവിന്ദ് ധര്‍മപുരിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. പിന്നാലെ ഈ ആവശ്യത്തിനെ പിന്തുണച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൃഷ്ണ സാഗര്‍ റാവുവും രംഗത്തുവന്നു.നിസാമിന്റെ ഭരണകാലത്തിന് മുമ്പ് ഈ പ്രദേശം ഇന്ദൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നാണ് റാവുവിന്റെ അവകാശ വാദം.

നിസാമിന്റെ ഭരണ കാലത്ത് ഈ പ്രദേശത്തിന്റെ യഥാര്‍ഥ പേര് മാറ്റി മുസ്ലീം പേര് നല്‍കുകയായിരുന്നുവെന്നും റാവു പറയുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഉറപ്പായും നിസാമാബാദിനെ ഇന്ദൂര്‍ എന്നാക്കി മാറ്റുമെന്ന് കൃഷ്ണ സാഗര്‍ റാവു വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിന് പിന്നാലെ നിരവധി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു.

Exit mobile version