‘അധികാരത്തോട് മടിയില്ലാതെ സത്യം വിളിച്ചുപറയുകയും, വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയുമാണ് ചിദംബരം’; പ്രിയങ്കാ ഗാന്ധി

ട്വിറ്ററിലൂടെ ആണ് പ്രിയങ്ക ചിദംബരത്തെ പിന്തുണച്ച് രംഗത്ത് എത്തിയത്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പ്രതിയായ മുന്‍ധനമന്ത്രി പി ചിദംബരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്ററിലൂടെ ആണ് പ്രിയങ്ക ചിദംബരത്തെ പിന്തുണച്ച് രംഗത്ത് എത്തിയത്. ചിദംബരം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണെന്നും അധികാരത്തോട് മടിയില്ലാതെ സത്യംവിളിച്ചുപറയുകയും ഈ സര്‍ക്കാരിന്റെ പരാജയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്‌തെന്നുമാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് രാവിലെ ജോര്‍ബാഗിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ സിബിഐ സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചിരുന്നെങ്കിലും ഇത് മാനിക്കാതെ രാവിലെ സിബിഐ വീണ്ടും അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുകയായിരുന്നു.

ഇന്ന് 10.30 നാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്. ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കുന്നതാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് സിബിഐ പതിച്ചിരുന്നു.

ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

Exit mobile version