ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വേർപ്പെട്ട് എഞ്ചിൻ; കോച്ചുകളില്ലാതെ ഓടിയത് പത്ത് കിലോമീറ്റർ

എഞ്ചിനുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോച്ചുകൾ ട്രാക്കിൽ തന്നെ നിന്നതോടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

വിശാഖപട്ടണം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചും എഞ്ചിനും തമ്മിലുള്ള ബന്ധം വേർപ്പെട്ട് എഞ്ചിൻ മാത്രം സഞ്ചരിച്ചത് 10 കിലോമീറ്റർ. ആന്ധ്രാപ്രദേശിൽ വെച്ചാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും കോച്ചും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പൊട്ടിയാണ് അപകടമുണ്ടായത്.

ഭുവനേശ്വറിൽ നിന്ന് സെക്കന്തരാബാദിലേക്ക് വരുകയായിരുന്ന വിശാഖ എക്സ്പ്രസിന്റെ എഞ്ചിനും കോച്ചുമാണ് വേർപ്പെട്ടത്. നർസിപ്പട്ടണത്തിനും തുണി റെയിൽവേ സ്റ്റേഷനും മധ്യേ ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. 10 കിലോമീറ്ററോളം എഞ്ചിൻ മാത്രമായി ഓടി.

എഞ്ചിനുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോച്ചുകൾ ട്രാക്കിൽ തന്നെ നിന്നതോടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. യാത്രക്കാർ റെയിൽവെ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ടെക്നീഷ്യന്മാർ വീണ്ടും എഞ്ചിൻ ഘടിപ്പിച്ച് ട്രെയിൻ യാത്ര തുടരുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇതുവഴി പോകേണ്ട പല ട്രെയിനുകളും വൈകി.

Exit mobile version