കമൽഹാസന് സിനിമയിൽ മാത്രമെ മുഖ്യമന്ത്രിയാകാൻ സാധിക്കൂ; ജനങ്ങൾ നേതാവായി സ്വീകരിക്കില്ല; പരിഹാസവുമായി തമിഴ്നാട് മന്ത്രി

കമൽഹാസന് സിനിമയിൽ മാത്രമേ മുഖ്യമന്ത്രിയാകാൻ കഴിയൂവെന്നും ജീവിതത്തിൽ അതിന് സാധിക്കില്ലെന്നും രാജു

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്‌തെങ്കിലും വേണ്ടരീതിയിൽ തരംഗമുണ്ടാക്കാൻ സാധിക്കാതെ പോയതിനു പിന്നാലെ കമൽഹാസനേയും മക്കൾ നീതി മയ്യത്തേയും പരിഹസിച്ച് എഐഎഡിഎംകെ നേതാവും തമിഴ്‌നാട്ടിലെ മുതിർന്ന മന്ത്രിയുമായ സെല്ലൂർ കെ രാജു. കമൽഹാസന് സിനിമയിൽ മാത്രമേ മുഖ്യമന്ത്രിയാകാൻ കഴിയൂവെന്നും ജീവിതത്തിൽ അതിന് സാധിക്കില്ലെന്നും രാജു പറഞ്ഞു.

കമലിനെ തമിഴ്നാട്ടിലെ ജനങ്ങൾ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കമൽഹാസൻ നല്ലൊരു നടനാണെങ്കിലലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ജനം തള്ളിയത് നമ്മൾ കണ്ടതാണ്.’ എഐഎഡിഎംകെ സ്ഥാപകനേതാവായ എംജിആറിനെ മാത്രമേ രാഷ്ട്രീയത്തിൽ തമിഴ് ജനത സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപ്രവേശന സമയത്ത് കമൽ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് പറഞ്ഞെങ്കിലും ആ വാക്ക് പാലിച്ചില്ല. ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ട്. തമിഴ് ജനതയുടെ ഹൃദയം കീഴടക്കിയ നടൻ എംജിആർ മാത്രമാണ്. കമലിന് അത് സാധിച്ചിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തിന് മുഖ്യമന്ത്രിയാവാനും കഴിയില്ല. കമലിനെ ഒരു നടൻ എന്നതിലുപരി ഒരു രാഷ്ട്രീയക്കാരനായി ആരും കാണുന്നില്ലെന്നും രാജു പറഞ്ഞു.

എന്നാൽ ഇതിനിടയിലും രജനീകാന്തിനെ വാഴ്ത്താൻ അദ്ദേഹം മറന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത രജനീകാന്തിനെ അഭിനന്ദിക്കുന്നതായും രാജു പറഞ്ഞു. രജനിയുടെ കാഴ്ചപ്പാടും മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ കാഴ്ചപ്പാടും തമ്മിൽ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version