73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി

ഔദ്യോഗിക ചടങ്ങുകള്‍ക്ക് മുന്‍പായി രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 73-ാം സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പതാകയുയര്‍ത്തി. രാവിലെ 7.30ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതോടെയാണ് തലസ്ഥാനത്തെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായത്. ഔദ്യോഗിക ചടങ്ങുകള്‍ക്ക് മുന്‍പായി രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തിയത്.

സ്വാതന്ത്രസമര പോരാളികള്‍ക്ക് പ്രണാമം അര്‍പ്പിച്ച പ്രധാനമന്ത്രി പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പ്രളയത്തില്‍ വലിയ വിഭാഗം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നെന്നും അവരെ സഹായിക്കുമെന്നും മോഡി പറഞ്ഞു. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ പാലിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. രാജ്യത്തിന്റെ ഭാവിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രദിനാഘോഷമായി ബന്ധപ്പെട്ട നടന്ന അഭിസംബോധനാ പ്രസംഗത്തില്‍ മുത്തലാഖും കാശ്മീര്‍ വിഷയവും പറഞ്ഞു.

370-ാം അനുച്ഛേദം റദ്ദാക്കിയത് രാജ്യത്തിന് ഒരു ഭരണഘടന എന്ന ലക്ഷ്യം നിറവേറ്റാനാണ്. അത് പട്ടേലിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. എഴുപത് വര്‍ഷത്തെ തെറ്റ് എഴുപത് ദിവസം കൊണ്ട് തിരുത്താനായി. കശ്മീരിലും ലഡാക്കിലും വികസനം എത്തിക്കുമെന്നും വൈകാതെ രാജ്യത്ത് ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന രീതിയില്‍ എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാക്ക് ബില്‍ നടപ്പിലാക്കിയത് മുസ്ലീം സ്ത്രീകള്‍ക്ക് നീതി നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. താങ്ങുവില ഉറപ്പാക്കിയതിലൂടെയും വിവിധ പെന്‍ഷനുകള്‍ ആവിഷ്‌കരിച്ചതിലൂടെയും അത് തെളിയിച്ചു. ന്യൂനപക്ഷങ്ങളുടെയും ആദിവാസി സമൂഹത്തിന്റെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അടുത്ത് അഞ്ച് വര്‍ഷത്തേക്ക് നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ പദ്ധതികളുണ്ടെന്നും അത് ഓരോന്നും നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി.

Exit mobile version