എക്സ്പ്രസ് ട്രെയിനിലെ ബോഗി തുരന്ന് അഞ്ച് കോടിയിലധികം കവര്‍ന്നു; രണ്ടു കോടിയിലധികം കത്തിച്ചു കളഞ്ഞെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍

ചെന്നൈ: സേലം-ചെന്നൈ എക്സ്പ്രസ് ട്രെയിനിലെ പ്രത്യേക കംപാര്‍ട്ട്മെന്റില്‍ ദ്വാരമുണ്ടാക്കി 5.78 കോടി രൂപ കവര്‍ന്നു. 2016 ഓഗസ്റ്റ് എട്ട്, സേലം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും ചെന്നൈയിലെ റിസര്‍വ് ബാങ്ക് സോണല്‍ ഓഫീസിലേക്ക് പണവുമായി പോയ ട്രെയിനിലാണ് വന്‍ കവര്‍ച്ച നടന്നത്.

സേലം-ചെന്നൈ എക്സ്പ്രസ് ട്രെയിനിലെ പ്രത്യേക കംപാര്‍ട്ട്മെന്റില്‍ ദ്വാരമുണ്ടാക്കിയാണ് വന്‍ കവര്‍ച്ച. ഏവരെയും ഞെട്ടിച്ച മോഷണം. ഒടുവില്‍ രണ്ടുവര്‍ഷത്തിനിപ്പുറം ഈ കേസിലെ പ്രതികള്‍ പിടിയിലായപ്പോള്‍ പുറത്തുവന്നത് ഏറെരസകരമായ വെളിപ്പെടുത്തലും. രണ്ടുകോടിയിലേറെ രൂപ രഹസ്യമായി കത്തിച്ചുകളഞ്ഞെന്നാണ് പ്രതികളുടെ മൊഴി.

രണ്ടുവര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ തമിഴ്നാട് സിബിസിഐഡിയാണ് ട്രെയിനിലെ പണം മോഷ്ടിച്ചവരെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് സ്വദേശികളായ അഞ്ചുപേരായിരുന്നു പ്രതികള്‍. ഒരു തുമ്പും ലഭിക്കാതിരുന്ന കേസ് അന്വേഷണത്തില്‍ നാസയുടെ ഉപഗ്രഹ ചിത്രങ്ങളടക്കം ലഭ്യമാക്കിയാണ് സിബിസിഐഡി പ്രതികളെ പിടികൂടിയത്. എന്നാല്‍ മോഷ്ടിച്ച പണം മുഴുവനും തങ്ങള്‍ക്ക് ചെലവഴിക്കാനായില്ലെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. 2016 നവംബര്‍ എട്ടിലെ നോട്ടുനിരോധനം തിരിച്ചടിയായി.

ഓഗസ്റ്റ് എട്ടാം തീയതി വൃദ്ധാചലം ചിന്നസേലം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് അഞ്ചംഗസംഘം പണംകവര്‍ന്നത്. മോഷണവിവരം പുറത്തറിഞ്ഞത് ഒമ്പതാം തീയതി ട്രെയിന്‍ എഗ്മൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍. മോഷ്ടിച്ച പണവുമായി കടന്നുകളഞ്ഞ അഞ്ചംഗസംഘം പണം പങ്കിട്ടെടുക്കുകയായിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ പ്രതികള്‍ ഒന്നരക്കോടിയിലേറെ രൂപയ്ക്ക് മധ്യപ്രദേശില്‍ വസ്തുവകള്‍ വാങ്ങി. എന്നാല്‍ നവംബര്‍ എട്ടിലെ നോട്ടുനിരോധനം ഇവര്‍ക്ക് കനത്ത തിരിച്ചടിയായി. നവംബര്‍ എട്ടിന് അര്‍ധരാത്രിയോടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ നിരോധിച്ചതോടെ കൈവശമുണ്ടായിരുന്ന രണ്ടുകോടിയിലേറെ രൂപ അസാധുവായി. മോഷ്ടിച്ച പണമായതിനാല്‍ പണം മാറ്റിയെടുക്കലും എളുപ്പമല്ലായിരുന്നു. ഒടുവില്‍ രണ്ടുകോടിയിലേറെ രൂപ രഹസ്യമായി കത്തിച്ചുകളയുകയായിരുന്നു. മോഷ്ടിച്ച പണപ്പെട്ടികളില്‍ ഭൂരിഭാഗവും 500,1000 രൂപയുടെ കറന്‍സികളായതാണ് പ്രതികളെ വെട്ടിലാക്കിയത്.

എന്തായാലും രണ്ടുവര്‍ഷത്തിനിപ്പുറം പ്രതികളെ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് തമിഴ്നാട് സിബിസിഐഡിയും പോലീസും. 2016 ഓഗസ്റ്റ് എട്ടിന് സേലത്ത് നിന്നും ചെന്നൈയിലേക്ക് പോയ എക്സ്പ്രസ് ട്രെയിനിലെ പ്രത്യേക കംപാര്‍ട്ട്മെന്റില്‍ 226 പെട്ടികളിലായി ആകെ 342 കോടി രൂപയാണുണ്ടായിരുന്നത്. ഇതില്‍ 5.78 കോടി രൂപയാണ് കംപാര്‍ട്ട്മെന്റിന്റെ മുകള്‍ഭാഗം തുരന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്.

Exit mobile version