കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണോ എന്ന് അമിത് ഷായോട് ആധിർ രഞ്ജൻ ചൗധരി; ശാസിച്ച് സോണിയ

ന്യൂഡൽഹി: ലോക്‌സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി ഉന്നയിച്ച വാദങ്ങൾക്കിടയിലെ പിഴവിൽ വലഞ്ഞ് പാർട്ടി നേതൃത്വം. കോൺഗ്രസ് നേതാവ് നടത്തിയ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി യുപിഎ അധ്യക്ഷ സോണിയാഗാന്ധി തന്നെ രംഗത്തെത്തി. ജമ്മുകാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണോ എന്ന ആധിർ രഞ്ജൻ ചൗധരിയുടെ ചോദ്യമാണ് കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം കുരുക്കിലാക്കിയത്. ഇതോടെ സോണിയ ചൗധരിയെ വിളിച്ചുവരുത്തി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം, കാശ്മീർ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച ചൗധരിയോട് കടുത്ത ഭാഷയിലാണ് അമിത് ഷാ മറുപടി പറഞ്ഞത്. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കാശ്മീരിൽ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു.

കാശ്മീർ വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യവെയാണ് യുഎൻ സാന്നിധ്യവും ഷിംല കരാറും ലാഹോർ ഉടമ്പടിയും ചൂണ്ടിക്കാട്ടി ജമ്മു കാശ്മീർ ഇന്ത്യയുടെ അഭ്യന്തരവിഷയം മാത്രമാണോ എന്ന ചോദ്യം കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി ഉയർത്തിയത്. എന്നാൽ ഇന്ത്യയുടെ സംസ്ഥാനമെന്ന് ഇന്ത്യൻ ഭരണഘടനയും ജമ്മുകാശ്മീർ ഭരണഘടനയും അംഗീകരിച്ച പ്രദേശത്തിൽ പൂർണ്ണ അധികാരം രാജ്യത്തിനുണ്ടെന്ന് അമിത് ഷാ തിരിച്ചു പറഞ്ഞു. പാകിസ്താനൊപ്പം ചൈനയുടെ കൈയ്യിലുള്ള പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമെന്നും അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് നേതാക്കളുമായി ലോക്‌സഭയിൽ വാഗ്വാദം നടക്കുന്നതിനിടെ ആർട്ടിക്കിൾ 370-നെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നും അമിത് ഷാ സഭയിൽ ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുമായി വാക്കുതർക്കം തുടർന്നതോടെ ചൗധരിയോട് നിരവധിതവണ സ്പീക്കർ ഓം ബിർള സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് ആധിർ രഞ്ജൻ ചൗധരി ലോക്‌സഭയിൽ പറഞ്ഞു.

Exit mobile version