മുംബൈയില്‍ കനത്ത മഴ; കൊങ്കണില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം താറുമാറായി

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മഴയെ തുടര്‍ന്ന് കൊങ്കണില്‍ മണ്ണിടിഞ്ഞത് കാരണം ട്രെയിന്‍ ഗതാഗതവും താറുമാറായി. പലയിടത്തും പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും അടഞ്ഞിരിക്കുകയാണ്. ഇതോടെ മഹാനഗരം പാടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പനവേല്‍, റോഹ സ്റ്റേഷനുകള്‍ക്കിടയില്‍ ജിതെ സ്റ്റേഷനുസമീപം മണ്ണിടിഞ്ഞതാണ് കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം നിലച്ചത്. നാഗോത്താനെ സ്റ്റേഷനുസമീപം അംബ പാലത്തിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതോടെ കൊങ്കണ്‍ പാത പൂര്‍ണമായും അടഞ്ഞു.

കല്യാണ്‍, ഇഗത്പുരി സ്റ്റേഷനുകള്‍ക്കിടയിലെ പാളത്തിലേക്ക് പാറ ഇടിഞ്ഞ് വീണതോടെ നാസിക് ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്. കല്യാണ്‍-കര്‍ജത്ത് മേഖലയില്‍ ഷെലുവിലും വാംഗണി-നെരല്‍ സ്റ്റേഷനുകള്‍ക്കിടയിലും പാളത്തിനടിയില്‍നിന്ന് മണ്ണൊലിച്ചുപോയതോടെ പുണെ-മുംബൈ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ സ്‌കൂള്‍ കോളേജുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version