സുപ്രീം കോടതി വിധി തെറ്റ്; ശബരിമല യുവതിപ്രവേശനത്തിനോട് യോജിക്കുന്നില്ലെന്ന് വി മുരളീധരന്‍

ആരാധനാ സ്വാതന്ത്ര്യം ചെയ്ത് കൊടുക്കണമെന്നാണ് കോടതി വിധി. ആരാധനാസ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ ആരെയെങ്കിലും ഒളിച്ചു കടത്തലല്ലെന്നും മുരളീധരന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമ്മീഷന്റെ വിലക്ക് മറികടന്ന് ശബരിമല വിഷയം ശക്തമാക്കി ബിജെപി. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും പ്രചാരണത്തില്‍ ശബരിമലയെ ഉയര്‍ത്തിക്കാണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴിതാ ശബരിമല വിഷയം തെരഞ്ഞെടുപ്പിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് വി മുരളീധരന്‍.

സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാ ബാദ്ധ്യത ഞങ്ങള്‍ക്കുണ്ടെന്ന കേരള സര്‍ക്കാര്‍ വാദം താന്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ആരാധനാ സ്വാതന്ത്ര്യം ചെയ്ത് കൊടുക്കണമെന്നാണ് കോടതി വിധി. ആരാധനാസ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ ആരെയെങ്കിലും ഒളിച്ചു കടത്തലല്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ഒരാള്‍ ശബരിമല അയ്യപ്പനെ കാണാന്‍ സ്വയം ചെല്ലുമ്പോള്‍ അയാളെ തടയാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുക്കണം. പെരിന്തല്‍മണ്ണ മുതല്‍ ശബരിമല വരെ ഒരാളെ പോലീസിന്റെ വണ്ടിയിലും ഫോറസ്റ്റിന്റെ വണ്ടിയിലും കൊണ്ടു പോകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോട് ഞങ്ങള്‍ യോജിക്കുന്നില്ലെന്നും നിലവിലത്തെ സുപ്രീം കോടതി വിധി തെറ്റാണ്. വിധി തെറ്റാണെന്ന് പറയാന്‍ ഈ നാട്ടിലെ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നും വി മുരളീധരന്‍ പ്രതികരിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Exit mobile version