സംഭാഷണത്തിനിടയില്‍ സഹപ്രവര്‍ത്തകയെപ്പറ്റി മോശമായി സംസാരിച്ചു, ഓഡിയോ പ്രചരിച്ചതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മേലുദ്യോഗസ്ഥരെപ്പറ്റി ഇവര്‍ ഹീനമായ രീതിയില്‍ സംസാരിക്കുന്നതും ഓഡിയോയിലുണ്ട്

തിരുവനന്തപുരം: സംസാരത്തിനിടെ സഹപ്രവര്‍ത്തകയെപ്പറ്റി മോശമായി സംസാരിച്ച രണ്ട് എക്‌സൈസ് ഉദ്യാഗസ്ഥരെയും ഇവരുടെ സംഭാഷണ ഓഡിയോ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച മറ്റൊരു ഉദ്യാഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ് ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍ജി ഗിരീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍എസ് ആശ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആശയും ഗിരീഷുമാണ് വാമനപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയെ കുറിച്ച് മോശമായി സംസാരിച്ചത്. യുവതി വാട്‌സാപ്പ് ഓഡിയോയ്‌ക്കൊപ്പം പരാതിയുമായി എക്‌സൈസ് കമ്മിഷണറെ
സമീപിച്ചു. മേലുദ്യോഗസ്ഥരെപ്പറ്റി ഇവര്‍ ഹീനമായ രീതിയില്‍ സംസാരിക്കുന്നതും ഓഡിയോയിലുണ്ട്. ദക്ഷിണ മേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ കേസ് അന്വേഷിച്ചു.

അന്വേഷണത്തില്‍ ആശയുടെയും ഗിരീഷിന്റെയും സംഭാഷണം തന്നെയാണ് അതെന്ന് കണ്ടെത്തി. ഗിരീഷ് കുമാറാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. സംഭാഷണത്തില്‍ ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷനിലെ പ്രിവന്റീവ് ഓഫീസര്‍ ഷാജിയുടെ സര്‍വ്വീസ് ബുക്ക് കീറിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുമുണ്ടായിരുന്നു. ഓഡിയോ ഗിരീഷ് വാട്‌സാപ്പിലൂടെ ഷാജിയ്ക്ക് അയച്ചു കൊടുത്തു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് ഷാജിയെ സസ്‌പെന്റ് ചെയ്തത്.

Exit mobile version