നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം, കോണ്‍ക്രീറ്റ് റോഡുകള്‍: ജോഷിയുടെ വീട്ടില്‍ കയറിയ കള്ളന്‍ ‘ബിഹാര്‍ റോബിന്‍ഹുഡ്’

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്ന് ഒരുകോടിയോളം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്ന മോഷ്ടാവിനെ മണിക്കൂറുകള്‍ കൊണ്ട് പിടികൂടിയിരിക്കുകയാണ് കേരളാ പോലീസ്. മോഷ്ടിച്ച പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാനാണ് (35) പിടിയിലായത്.

ഇന്ത്യയിലെങ്ങും വന്‍നഗരങ്ങളിലെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാര്‍ സ്വദേശിയാണ് ഇര്‍ഫാന്‍. ശനിയാഴ്ച പുലര്‍ച്ചെ മോഷണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട ഇര്‍ഫാനെ കര്‍ണാടക പോലീസിന്റെ സഹായത്തോടെ അതേദിവസം വൈകീട്ട് അഞ്ചുമണിയോടെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മോഷണത്തിന് മാത്രമായി മുഹമ്മദ് ഇര്‍ഫാന്‍ കാറില്‍ കൊച്ചിയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ സീതാമര്‍ഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷന്‍ എന്ന ബോര്‍ഡുവെച്ച കാറായതുകൊണ്ട് ചെക് പോസ്റ്റുകളില്‍ പരിശോധനയില്ലാതെ കേരളത്തിലെത്തുകയും മോഷണം നടത്തി മടങ്ങുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ നിന്ന് രജിസ്ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞ് ഇതരസംസ്ഥാനസേനകളുടെ സഹായത്തോടെ കൊച്ചി പോലീസ് നടത്തിയ വ്യാപകപരിശോധനയില്‍ ഉഡുപ്പിക്കടുത്ത് കോട്ട സ്റ്റേഷന്‍പരിധിയില്‍ കാര്‍ കണ്ടെത്തി. തടഞ്ഞുനിര്‍ത്തിയുള്ള പോലീസ് പരിശോധനയിലാണ് മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്.

മുഹമ്മദ് ഇര്‍ഫാന് ഉജാല എന്നും വിളിപ്പേരുണ്ട്. മോഷണമുതലില്‍ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമര്‍ഹി ജില്ലയില്‍പ്പെടുന്ന ജോഗിയ പഞ്ചായത്തിലെ ഏഴ് ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ പണിതു നല്‍കിയ ബിഹാറിന്റെ റോബിന്‍ഹുഡ് നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. സീതാമര്‍ഹിയിലെ പുപ്രി ഗ്രാമം കേന്ദ്രീകരിച്ചാണ് ഇര്‍ഫാന്റെ പ്രവര്‍ത്തനം. ജില്ലാ പരിഷത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ അനായാസം ജയിച്ചു. കൊച്ചിയില്‍ മോഷണത്തിനെത്തിയത് സീതാമര്‍ഹി ജില്ലാ പരിഷത്ത് അധ്യക്ഷന്റെ ബോര്‍ഡ് വെച്ച കാറിലുമാണ്.

Exit mobile version