നിര്‍മാര്‍ജനം ചെയ്‌തെന്ന് കരുതിയ കുഷ്ഠരോഗം വീണ്ടും തിരിച്ചുവരുന്നു; സംസ്ഥാനത്ത് 140 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

പുതിയതായി കണ്ടെത്തിയ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാടാണ്. 50 പേര്‍ക്കാണ് പാലക്കാട് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 25 ഉം തൃശൂരില്‍ 15 ഉം കണ്ണൂരില്‍ 14ഉം എറണാകുളത്തും തിരുവനന്തപുരത്തും10 പേര്‍ക്ക് വീതവും കോഴിക്കോട് ഏഴും കാസര്‍കോഡ് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: നിര്‍മാര്‍ജനംചെയ്‌തെന്ന് കരുതപ്പെട്ടിരുന്ന കുഷ്ഠരോഗം വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണ് ഇപ്പോഴത്തെ കണക്ക്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതിനെത്തുടര്‍ന്നാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.

മൂന്നാഴ്ച കൊണ്ട് നടത്തിയ പരിശോധനയിലാണ് 140പേര്‍ക്കുകൂടി രോഗം സ്ഥാരീകരിച്ചത്. രോഗം കണ്ടെത്തിയതില്‍ 121 പേര്‍ക്കും പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ് എന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന വെല്ലുവിളി. രോഗം കണ്ടെത്തിയ 14 കുട്ടികളില്‍ നാല് പേര്‍ക്കും പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ് കണ്ടെത്തിയത്. പുതിയതായി കണ്ടെത്തിയ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാടാണ്. 50 പേര്‍ക്കാണ് പാലക്കാട് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 25 ഉം തൃശൂരില്‍ 15 ഉം കണ്ണൂരില്‍ 14ഉം എറണാകുളത്തും തിരുവനന്തപുരത്തും10 പേര്‍ക്ക് വീതവും കോഴിക്കോട് ഏഴും കാസര്‍കോഡ് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ എട്ട് ജില്ലകളില്‍ മാത്രമാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്തിയത്. മറ്റു ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സെന്‍ട്രല്‍ ലെപ്രസി ഡിവിഷനെ സമീപിച്ചിട്ടുണ്ട്.
കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

മൈക്കോ ബാക്ടീരിയ ലെപ്രേ എന്നയിനം ബാക്ടീരിയ മൂലമുണ്ടാവുന്ന പകര്‍ച്ചവ്യാധിയാണ് കുഷ്ഠം. ഇത് പ്രധാനമായും നാഡികളെയും തൊലിയേയുമാണ് ബാധിക്കുന്നത്. നിറംമങ്ങിയതോ ചുവന്നുതടിച്ചതോ ആയ പാടുകള്‍, ഈ പാടുകളില്‍ സ്പര്‍ശനശേഷി, ചൊറിച്ചില്‍, വേദന എന്നിവ കുറവായിരിക്കും. കൂടാതെ കൈകാലുകളില്‍ മരവിപ്പ്, ഉണങ്ങാത്ത വ്രണങ്ങള്‍, ചെവിയിലും ശരീരത്തിലുമുണ്ടാവുന്ന പാടുകള്‍

രോഗി ക്രമമായി മരുന്നുകഴിക്കുകയാണെങ്കില്‍ കുഷ്ഠരോഗം പൂര്‍ണമായും മാറും. ആദ്യ ഡോസ് കഴിക്കുമ്പോള്‍ത്തന്നെ രോഗപ്പകര്‍ച്ചയ്ക്കുള്ള സാദ്ധ്യത ഇല്ലാതാവുന്നു.
പകര്‍ച്ചസ്വഭാവമുള്ള രോഗികളില്‍നിന്ന് വായുവിലൂടെ പകരുന്ന ഈ രോഗം കുട്ടികളെ ബാധിക്കാനുള്ള സാദ്ധ്യത വളരെക്കൂടുതല്‍.
പ്രാരംഭദിശയില്‍ രോഗനിര്‍ണയം നടത്തി ചികിത്സിച്ചില്ലെങ്കില്‍ അംഗവൈകല്യത്തിന് സാദ്ധ്യത.

Exit mobile version