‘ടൊവിനോ കമന്റിട്ടാല്‍ പഠിയ്ക്കാം’: വിദ്യാര്‍ഥിയ്ക്ക് കിടിലന്‍ മറുപടി കൊടുത്ത് താരം

കൊച്ചി: വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടിലാണ്, പരീക്ഷയ്‌ക്കൊപ്പം സോഷ്യലിടത്ത് ഒരു ട്രെന്‍ഡ് വൈറലായിരിക്കുകയാണ്. സെലിബ്രിറ്റികളുടെ കമന്റ് കിട്ടിയാലേ പഠിയ്ക്കൂ എന്നു പറഞ്ഞാണ് പോസ്റ്റുകള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ഥിനികളാണ് വിജയ് ദേവരകൊണ്ട കമന്റ് ചെയ്താലെ പഠിയ്ക്കൂ എന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ചത്. പിന്നാലെ താരം കമന്റിടുകയും നല്ല മാര്‍ക്ക് വാങ്ങിയാല്‍ നേരില്‍ കാണാന്‍ എത്താം എന്നും വാഗ്ദാനം ചെയ്തു.

പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കമന്റിന് വേണ്ടി കാത്തിരിക്കുന്നത്. അത്തരത്തില്‍ ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ടൊവിനോ കമന്റ് ചെയ്താലേ പഠിയ്ക്കൂ എന്നു പറഞ്ഞായിരുന്നു വീഡിയോ പ്രത്യക്ഷപെട്ടത്. പിന്നാലം ടൊവിനോ മറുപടിയുമായി എത്തിയിരുന്നു.

ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുളള തയ്യാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു യുവാവാണ് വിഡിയോയിലുളളത്. വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ വീഡിയോ ടൊവിനോയുടെ ശ്രദ്ധയില്‍പ്പെട്ടു.

‘പോയിരുന്ന് പഠിക്ക് മോനെ’ എന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധിയാളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. താരത്തിന്റെ കമന്റിന് താഴെ വിശേഷം അന്വേഷിച്ചുകൊണ്ടും ഹായ് പറഞ്ഞുകൊണ്ടും നിരവധി ആരാധകരെത്തി. ഇതോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഹര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വീഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ കമന്റുമായി സാക്ഷാല്‍ വിജയ് ദേവരകൊണ്ട തന്നെ രംഗത്തെത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‌യുടെ കമന്റ്. കമന്റ് ബോക്‌സിലും വിജയ് ദേവരകൊണ്ടയുടെ ആരാധകരുടെ ബഹളമാണ്. മാത്രമല്ല, വീഡിയോയെക്കാള്‍ കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നതും താരത്തിന്റെ കമന്റിന് തന്നെ.

ഇതോടെ സമാനരീതിലുളള വിഡിയോകള്‍ സൈബറിടത്ത് ട്രെന്‍ഡായി മാറുകയായിരുന്നു. ഷാഹിദ് കപൂര്‍ വിഡിയോയ്ക്ക് കമന്റ് ചെയ്താല്‍ തന്റെ സപ്ലിമെന്ററി പരീക്ഷയ്ക്കായി പഠിച്ചു തുടങ്ങുമെന്ന് പറഞ്ഞും വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഷാഹിദ് കപൂര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടില്ല.

Exit mobile version