ഒരു പതിറ്റാണ്ടായി ഭക്ഷണമൊരുക്കുന്ന ശാരദാമ്മ: സ്‌നേഹ സമ്മാനമായി അടച്ചുറപ്പുള്ള വീട് സമ്മാനിച്ച് പോലീസുകാര്‍

കണ്ണൂര്‍: 12 വര്‍ഷമായി തങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയ അമ്മയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കി പോലീസുകാരുടെ സ്‌നേഹം. ഉളിക്കല്‍ പോലീസ് സ്റ്റേഷനിലെ മെസില്‍ ജോലി ചെയ്യുന്ന ശാരദാമ്മയ്ക്കാണ് കാക്കിയുടെ സ്‌നേഹത്തണലില്‍ വീടൊരുങ്ങിയത്. ഉളിക്കല്‍ സ്റ്റേഷനില്‍ വിവിധ കാലങ്ങളില്‍ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരാണ് വീടു നിര്‍മിച്ചു നല്‍കിയത്. കഴിഞ്ഞ ദിവസമായിരുന്നു താക്കോല്‍ ദാനം.

വാടകവീടിന്റെ തണലിലായിരുന്ന അമ്മയ്ക്കാണ് സുരക്ഷിതത്വമുള്ള വീട് സമ്മാനിച്ചിരിക്കുന്നത്. 12 വര്‍ഷമായി ഭക്ഷണത്തിനൊപ്പം സ്‌നേഹവും ശാരദാമ്മ വിളമ്പുന്നു. അതിനുള്ള സ്‌നേഹസമ്മാനമാണ് ഈ വീട്.

ഉള്ളിക്കല്‍ സ്റ്റേഷനിലുള്ളവരും വിവിധ കാലങ്ങളില്‍ അവിടെ ജോലി ചെയ്തവരെയും ചേര്‍ത്ത് വാട്‌സാപ്പ് കൂട്ടായ്മ ഉണ്ടാക്കി. അതിലെ ചര്‍ച്ചയില്‍ നിന്നാണ് വീടു വയ്ക്കാനുള്ള സ്ഥലവും വീടും അടുക്കളയിലേക്ക് വേണ്ട പാത്രങ്ങള്‍ വരെ എത്തിയത്.

എണ്ണബ്രയില്‍ ജയിംസ് എന്നയാള്‍ വീടുവയ്ക്കാനായി 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. പോലീസ് കൂട്ടായ്മയുടെ കരുതല്‍ കൂടി ചേര്‍ന്നപ്പോള്‍ ശാരദാമ്മയ്ക്ക് 650 സ്‌ക്വയര്‍ ഫീറ്റിന്റെ വീട് ഒരുങ്ങി. കഴിഞ്ഞ ദിവസം പാലുകാച്ചലും നടന്നു.

Exit mobile version