ആറ് കോടിയുടെ റോഡ് ആറാം നാള്‍ പൊളിഞ്ഞു: എഞ്ചിനീയര്‍ക്കെതിരെയും ഓവര്‍സീയര്‍ക്കെതിരെയും നടപടി

കോഴിക്കോട്: ആറ് കോടി രൂപയുടെ റോഡ് ആറാം നാള്‍ പൊളിഞ്ഞ സംഭവത്തില്‍ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്. കൂളിമാട് എരഞ്ഞിമാവിലെ റോഡാണ് തകര്‍ന്നത്. നിര്‍മാണ, മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാരനെതിരെയും മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരം അച്ചടക്ക നടപടിയെടുത്തു.

നിര്‍മാണ, മേല്‍നോട്ട ചുമതലുണ്ടായിരുന്ന അസി. എഞ്ചിനീയര്‍ പ്രസാദ്, ഓവര്‍സീയര്‍ പ്രവീണ്‍ എന്നിവരെ കോഴിക്കോട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റും. കരാറുകാരന്‍ കെ. അനില്‍കുമാറിന്റെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍ഡ് ചെയ്തു. രണ്ടുവര്‍ഷത്തെ പരിപാലന കാലാവധി ഉള്ളതിനാല്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിക്കാന്‍ കരാറുകാരനോട് തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് നടപടി.

സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു. കരാറുകാരന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ബില്ല് കൈമാറിയിട്ടില്ല. രണ്ടുവര്‍ഷത്തെ പരിപാലന കാലാവധിയും കരാറിലുണ്ട്. അതിനാല്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് തീരുമാനിച്ചിരുന്നത്. റോഡ് തകര്‍ന്നതില്‍ അന്വേഷണത്തിന് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഡബ്ല്യുഡി അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് കൈമാറിയിട്ടില്ലായിരുന്നു.

Exit mobile version