ദേശീയ പണിമുടക്കില്‍ ഗതാഗതം സ്തംഭിച്ചു; പണിമുടക്ക് ഹര്‍ത്താലാവില്ലെന്ന നേതാക്കളുടെ വാക്ക് പാഴായി

പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്ക് ചേരാത്തവരെയും ട്രെയിനുകളെയും തടയില്ലെന്ന് പറഞ്ഞ നേതാക്കളുടെ വാക്കുകള്‍ പാഴായി. പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യപിച്ചത്.

പണിമുടക്ക് ഹര്‍ത്താലായി മാറില്ലെന്നു പ്രഖ്യാപിച്ചെങ്കിലും അതിനേക്കാള്‍ രൂക്ഷമായ അവസ്ഥയിലാണ് പണിമുടക്ക് കേരളത്തെ ബാധിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നില്ല എന്നതു മാത്രമാണ് കുറെപ്പേര്‍ക്കെങ്കിലും ആശ്വാസം. കൊച്ചിയില്‍നിന്ന് പമ്പയിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയെന്നു പ്രഖ്യാപിച്ചിരുന്ന കൊച്ചി തുറമുഖത്തു രാവിലെ സമരക്കാര്‍ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടഞ്ഞിരുന്നു. പിന്നീട് സംഭവം വാര്‍ത്തയായതോടെ സമരക്കാര്‍ പിന്‍മാറിയിട്ടുണ്ട്. തൊഴിലാളികളെ അകത്തു കടക്കാന്‍ അനുവദിച്ചിട്ടില്ല. ഇവിടെ സമരക്കാരെ തടയുന്നതിന് പൊലീസ് നടപടി സ്വീകരിക്കുന്നില്ല. സമരക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.

Exit mobile version