അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് സ്ത്രീകളും; ആദ്യ ദിനം തന്നെ നാലായിരം പേര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് സ്ത്രീകള്‍ക്കും അനുമതിയായതോടെ
രജിട്രേഷന്റെ ആദ്യ ദിനം തന്നെ മികച്ച പ്രതികരണം. രജിസ്‌ട്രേഷന്‍ തുടങ്ങിയ ഇന്ന് സ്ത്രീകളടക്കം 4,100 പേര്‍ യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തു. രാവിലെ 11 മണിക്ക് തുടങ്ങിയ രജിട്രേഷന്‍ ഒരു മണിയോടെ അവസാനിച്ചു.

ശബരിമല യുവതീപ്രവേശനം വലിയ ചര്‍ച്ചയായിരിക്കെയാണ് അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് കയറാന്‍ സ്ത്രീകള്‍ ഒരുങ്ങുന്നത്. നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല.

ഇതിനെതിരേ സ്ത്രീ കൂട്ടായ്മകളുടെ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. 14 വയസ്സിന് മുകളില്‍ പ്രായവും കായികകക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിലുണ്ട്.

സന്ദര്‍ശകരോട് വിവേചനം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാലാണ് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാജികുമാര്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ വരുന്ന പശ്ചാത്തലത്തില്‍ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാകും.

അഗസ്ത്യാര്‍കൂടം ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റ് സ്ത്രീകളെത്തുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍കൂട യാത്ര. ഒരുദിവസം നൂറുപേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഒരാള്‍ക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്.

Exit mobile version