അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം..! പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കാണി വിഭാഗം

തിരുവനന്തപുരം: കോടതി വിധി വന്ന ശേഷം ശബരിമല പോലെ അഗസ്ത്യാര്‍കൂടത്തിലും പ്രവേശനത്തിന് തയ്യാറെടുക്കുകയാണ് സ്ത്രീകള്‍. എന്നാല്‍ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള സ്ത്രീപ്രവേശനത്തെ ഏതു വിധേനയും തടയും എന്ന് ആവര്‍ത്തിച്ച് പറയുകയാണ് കാണി വിഭാഗം. സ്ത്രീകള്‍ കയറിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധങ്ങള്‍ ഭയന്ന് പിന്മാറാനില്ലെന്നാണ് സ്ത്രീകളുടെ നിലപാട്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. നിരവധി സ്ത്രീകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. അതിനിടെയാണ് എതിര്‍പ്പുമായി അഗസ്ത്യാര്‍കൂടത്തിലെ കാണി വിഭാഗം രംഗത്തെത്തിയത്. അഗസ്ത്യമുനിയുടെ ആരാധനാലയത്തില്‍ യുവതികള്‍ കയറിയാല്‍ അശുദ്ധമാകുമെന്നാണ് ഇവരുടെ വാദം.

അഗസ്ത്യാര്‍കൂടത്തിലെ സ്ത്രികളുടെ യാത്രയെ നേരത്തെയും കാണി വിഭാഗം എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് സ്ത്രീകള്‍ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. എതിര്‍പ്പ് അറിയിച്ച കാണി വിഭാഗം ഏത് രീതിയില്‍ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Exit mobile version