വിദ്യാര്‍ത്ഥികള്‍ക്ക് പനിയും കണ്ണില്‍ ചുവപ്പും; അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടി

പാര്‍ക്കിലെ സന്ദര്‍ശനത്തിന് ശേഷം വിദ്യാര്‍ത്ഥികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വിമ്മിങ് പൂളുകള്‍ അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

silver-storm

ചാലക്കുടി: സന്ദര്‍ശനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഡിഎംഒയുടെ ഉത്തരവ്. പാര്‍ക്കില്‍ പരിശോധന നടത്തിയ ശേഷമാണ് തൃശൂര്‍ ജില്ലയിലെ വിദഗ്ദ്ധ മെഡിക്കല്‍ സംഘം പൂട്ടാനുള്ള ഉത്തരവിട്ടത്.

പാര്‍ക്കിലെ സന്ദര്‍ശനത്തിന് ശേഷം വിദ്യാര്‍ത്ഥികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വിമ്മിങ് പൂളുകള്‍ അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാണ് പനിയും കണ്ണില്‍ ചുവപ്പും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ കാണപ്പെട്ടത്.

എറണാകുളം പനങ്ങാടുള്ള സ്‌കൂളില്‍ നിന്നും ഉല്ലാസ യാത്ര വന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ലക്ഷണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളിലെ 25ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയെന്നാണ് വിവരം. പനങ്ങാട് സ്‌കൂളില്‍ നിന്നും അഞ്ച് ബസുകളിലായി കഴിഞ്ഞ മാസം അവസാനമാണ് വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ തീം പാര്‍ക്കിലെത്തിയത്.

വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്‌കൂളിലെ വിദ്യാര്‍ത്ഥികളിലും പനി ലക്ഷണങ്ങള്‍ ഉള്ളതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. മറ്റു ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അനേഷണം ആരംഭിച്ചു.

Exit mobile version