‘സര്‍, ചെന്നൈ എന്ന പേരില്‍ ഒരു നഗരമുണ്ട്, ഓര്‍മയുണ്ടോ?’: എആര്‍ റഹ്‌മാനോട് ആരാധിക

ചെന്നൈ: ചെന്നൈയില്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി ലഭിക്കുന്നില്ലെന്നും കഴിഞ്ഞ ആറ് മാസമായി താന്‍ അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും റഹ്‌മാന്‍ വ്യക്തമാക്കി.

താന്‍ പുണെയില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ പോകുന്നുവെന്ന് അടുത്തിടെ റഹ്‌മാന്‍ ട്വീറ്റ് ചെയ്തിരുന്നു. അതിനു രാജ്യശ്രീ എന്ന യുവതി രേഖപ്പെടുത്തിയ കമന്റ് ആണ് ‘ചെന്നൈ’ ചര്‍ച്ചയാക്കിയത്.

‘സര്‍, ചെന്നൈ എന്ന പേരില്‍ ഒരു നഗരമുണ്ട്, ഓര്‍മയുണ്ടോ?’ എന്നായിരുന്നു യുവതിയുടെ പരിഹാസ രൂപേണയുള്ള കമന്റ്.

രാജ്യശ്രീയുടെ പ്രതികരണം മിനിറ്റുകള്‍ കൊണ്ടു ചര്‍ച്ചയായി. ഏറെക്കാലമായി റഹ്‌മാന്‍ ചെന്നൈയില്‍ സ്റ്റേജ് പരിപാടികള്‍ നടത്താറില്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ അതൃപ്തി അറിയിച്ചു. കോവിഡ് വ്യാപനത്തു മുന്‍പാണ് എആര്‍ റഹ്‌മാന്‍ അവസാനമായി ചെന്നൈയില്‍ സംഗീത പരിപാടി അവതരിപ്പിച്ചത്. രാജ്യശ്രീയുടെ ചോദ്യം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് എആര്‍ റഹ്‌മാന്റെ മറുപടിയെത്തിയത്.

‘പെര്‍മിഷന്‍, പെര്‍മിഷന്‍, പെര്‍മിഷന്‍, ആറുമാസത്തെ നടപടികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. റഹ്‌മാന്റെ മറുപടിയും ചുരുങ്ങിയ സമയം കൊണ്ടു ചര്‍ച്ചാ വിഷയമായി. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സംവിധാനത്തെ ഉള്‍പ്പെടെ പലരും വിമര്‍ശിക്കുകയാണിപ്പോള്‍.

Exit mobile version