വിവാഹിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ട: 21 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: വിവാഹിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിയായ യുവതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നല്‍കികൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.

യുവതി 21 ആഴ്ച്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ജസ്റ്റിസ് വി അരുണാണ് അനുമതി നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് സ്ത്രീയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ യുവതി ബസ് കണ്ടക്ടറുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം പോകുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങി.

ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ സംശയം പ്രകടിപ്പിച്ചും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം തുടര്‍ന്നതോടെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഗര്‍ഭഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫാമിലി പ്ലാനിംഗ് ക്ലിനിക്കിനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പിരിഞ്ഞതിന്റെ രേഖകളിലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ മടക്കി അയച്ചു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കാഞ്ഞിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി പരാതി നല്‍കി.

ശേഷം വീണ്ടും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ച്ച പിന്നിട്ടുവെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമുള്ള കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചു. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

Exit mobile version