ഹ്യുമാനിറ്റീസിൽ പ്രതീക്ഷിച്ചത് മുഴുവൻ എപ്ലസ്; കിട്ടിയത് മുഴുവൻ മാർക്കും ; കാസർകോട്ടെ ഏക 1200 മാർക്കുകാരി അനശ്വരക്ക് സ്വപ്നം ഐഎഎസ്

കാഞ്ഞങ്ങാട്: പത്താംക്ലാസിൽ മുഴുവൻ എ പ്ലസ് കിട്ടിയതോടെ എല്ലാവരും പറഞ്ഞു സയൻസ് വിഷയം തെരഞ്ഞെടുക്കാൻ എന്നാൽ സ്വപ്നത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ള അനശ്വര അന്ന് തെരഞ്ഞെടുത്തത് ഹ്യുമാനിറ്റീസ് വിഭാഗം. വെറുതെ പറയുക മാത്രമല്ല, തന്റെ സ്വപ്‌നത്തിലേക്കുള്ള ദൂരം കുറച്ച് ഈ പെൺകുട്ടി ഇപ്പോഴിതാ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയാണ് ഞെട്ടിച്ചിരിക്കുമ്മത്.

പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്ക് കിട്ടിയത് കാസർകോട് ജില്ലയിൽ തന്നെ അനശ്വരയ്ക്ക് മാത്രമാണ്. ബാര അടുക്കത്തുവയലിലെ അനശ്വര വിശാൽ കാഞ്ഞങ്ങാട് ബല്ല ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. എല്ലാ വിഷയത്തിനും എ പ്ലസ് പ്രതീക്ഷിച്ചിരുന്നെങ്കിലും മാർക്ക് നൂറുശതമാനമുണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ഈ പെൺകുട്ടിയുടെ വാക്കുകൾ.

അനശ്വരയുടെ ആഗ്രഹം സിവിൽ സർവീസ് പരീക്ഷയിൽ ജേതാവാകാനും കളക്ടറാകാനുമാണ്. സാമ്പത്തികശാസ്ത്രമാണ് ഇഷ്ടവിഷയം. അതിനാൽ ഇതു സംബന്ധിച്ച ഗവേഷണപഠനത്തെ മുൻനിർത്തി ബിരുദവും ബിരുദാനന്തരബിരുദവും പഠിക്കാനാണ് ആഗ്രഹം.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പഠനം ഓൺലൈൻ ആയപ്പോൾ ഭീതി തോന്നിയിരുന്നെന്നു പറയുകയാണ് ഈ വിദ്യാർത്ഥിനി. സ്‌കൂൾ അടച്ചപ്പോൾ പഠനത്തിൽ പിന്നാക്കം പോകുമോയെന്ന് ഭയന്നു. എന്നാൽ ഓൺലൈൻ പഠനത്തിന്റെ സാധ്യതയെ അടുത്തറിഞ്ഞപ്പോൾ അത്തരം ഭീതിയൊക്കെ മാറിയെന്നും നന്നായി പഠിക്കാൻ കഴിഞ്ഞെന്നും അനശ്വര പറയുന്നു.

ALSO READ- പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളിലെ വിജയം; ആഘോഷമാക്കാൻ കടൽ കാണാനെത്തിയ രണ്ട് വിദ്യാർത്ഥികൾ കാണാമറയത്തേക്ക്; കണ്ണീരിൽ കോവിൽത്തോട്ടം

വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി വിശാലാക്ഷന്റെയും പെരിയ പോളിടെക്‌നിക് അധ്യാപിക വികെ നിഷയുടെയും മകളാണ് അനശ്വര. സഹോദരി അക്ഷര വിശാൽ വിദ്യാർത്ഥിനിയാണ്.

Exit mobile version