സ്മിജയുടെ സത്യസന്ധതയ്ക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം: ഇത്തവണയും പറഞ്ഞുവച്ച ടിക്കറ്റിന് 25 ലക്ഷത്തിന്റെ ഭാഗ്യം

ആലുവ: സ്മിജയുടെ സത്യസന്ധതയ്ക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം . കഴിഞ്ഞ വര്‍ഷം സ്മിജയില്‍ നിന്നും ചന്ദ്രന്‍ എന്നയാള്‍ പറഞ്ഞുവച്ച ടിക്കറ്റിനായിരുന്നു സമ്മര്‍ ബമ്പറിന്റെ ആറുകോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച ടിക്കറ്റ് നറുക്കെടുപ്പിന് ശേഷം ചന്ദ്രന്റെ വീട്ടിലെത്തി സ്മിജ കൈമാറുകയായിരുന്നു.

ഇത്തവണയും സ്മിജയുടെ പക്കലുള്ള ടിക്കറ്റിനെ തേടി സമ്മാനമെത്തി. സ്മിജയുടെ അടുത്ത് പറഞ്ഞു വച്ച ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. പണം നല്‍കി ടിക്കറ്റ് പറഞ്ഞുവെച്ച, തമിഴ്‌നാട് സ്വദേശിനി സുബറാവു പത്മയ്ക്കാണ് 25 ലക്ഷം രൂപ അടിച്ചത്. പറഞ്ഞുവെച്ചിരുന്ന ഈ ടിക്കറ്റുമായി സുബറാവു പത്മയെ കാത്തിരിക്കുകയാണ് സ്മിജ.

കൃത്യം ഒരു വര്‍ഷം മുന്‍പത്തെ സമ്മര്‍ ബമ്പര്‍ ടിക്കറ്റാണ് ആലുവ കീഴ്മാട് പാലച്ചുവട് ചന്ദ്രന്‍, സ്മിജയോട് ഫോണിലൂടെ കടം പറഞ്ഞ് വാങ്ങിയത്. ഈ ടിക്കറ്റിന് ബമ്പര്‍ അടിച്ചതോടെ ടിക്കറ്റ് സ്മിജ, ചന്ദ്രന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സ്മിജ വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് സുബറാവു പത്മ, സ്മിജയെ തേടിയെത്തിയത്. ആലുവ രാജഗിരി ആശുപത്രിക്കു മുന്നിലെ സ്മിജയുടെ ടിക്കറ്റ് കൗണ്ടറില്‍ നേരിട്ടെത്തി പരിചയപ്പെടുകയും നിരന്തരം ഫോണിലൂടെ ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു. ബമ്പര്‍ ടിക്കറ്റുകള്‍ക്കു പുറമേ ദൈനംദിന ടിക്കറ്റുകളും സുബറാവു പത്മ എടുത്തിരുന്നു. പണം ഓണ്‍ലൈനായിട്ടാണ് നല്‍കിയിരുന്നത്. ടിക്കറ്റ് സ്മിജ സൂക്ഷിക്കും.

ഇതിനിടെ ലഭിച്ച ചെറിയ സമ്മാനങ്ങളുടെ തുക സ്മിജ, സുബറാവു പത്മയ്ക്ക് കൈമാറിയിരുന്നു. അപ്രതീക്ഷിതമായിട്ടാണ് സമ്മര്‍ ബമ്പറിന്റെ രണ്ടാം സമ്മാനവും സ്മിജയെ തേടിയെത്തിയത്. ടിക്കറ്റ് പണം അടച്ച് ബുക്ക് ചെയ്ത സുബറാവു പത്മ വരുന്നതും കാത്തിരിക്കുകയാണ് സ്മിജ. രണ്ട് ദിവസത്തിനുള്ളില്‍ ആലുവയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങാനിരിക്കുകയാണ് സുബ്ബറാവു പദ്മം.

ആലുവയിലെ വിഷ്ണു ലോട്ടറീസില്‍ നിന്നെടുത്ത ടിക്കറ്റിലെ എസ്ഇ 703553 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പ്രമുഖ സ്വകാര്യബാങ്കില്‍ നിന്നും വിരമിച്ച പദ്മം ചെന്നൈയില്‍ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. കേരളത്തില്‍ തീര്‍ത്ഥാടനത്തിന് എത്തുന്ന പതിവുണ്ട് പദ്മത്തിന്. ഇതുവഴിയാണ് സ്മിജയുമായി അടുപ്പത്തിലാവുന്നത്. മിക്കവാറും മാസങ്ങളില്‍ പദ്മം ബാങ്കിലൂടെ പണം നല്‍കി ടിക്കറ്റെടുക്കും. സമ്മാന വിവരം വിളിച്ചറിയിച്ചത് സ്മിജ തന്നെയാണ്.

സാമ്പത്തികമായി സഹായിക്കാമെന്ന് നിരവധി തവണ പദ്മം സ്മിജയോട് പറഞ്ഞിരുന്നു. എന്നാല്‍ സഹായം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു സ്മിജ. സ്മിജയുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് കൂടപ്പിറപ്പിനെ പോലെ സ്‌നേഹിക്കുവാന്‍ പ്രചോദനമായതെന്ന് പദ്മം പറഞ്ഞു.

രാജഗിരി ആശുപത്രിക്ക് മുന്നില്‍ വര്‍ഷങ്ങളായി ടിക്കറ്റ് വില്‍ക്കുന്നയാളാണ് സ്മിജ. കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. മൂത്തമകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. പിന്നീടാണ് ലോട്ടറിക്കച്ചവടത്തിനിറങ്ങിയത്. ജഗത്തും ലുഖൈദുമാണ് സ്മിജയുടെ മക്കള്‍.

Exit mobile version