ഹിജാബ് വിവാദം : ബംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പ്രതിഷേധങ്ങള്‍ നിരോധിച്ചു

ബംഗളൂരു : കര്‍ണാടകയില്‍ ഹിജാബ് വിവാദത്തെത്തുടര്‍ന്നുള്ള പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ബംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും പോലീസ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. സ്‌കൂളുകളുടെയും കോളേജുകളുടെയും 200 മീറ്റര്‍ പരിധിയില്‍ യാതൊരു വിധ പ്രതിഷേധങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.

ഹിജാബ് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നാളെ കൊണ്ട് ഈ അവധി തീരുമെന്നിരിക്കേയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പ്രതിഷേധങ്ങള്‍ നിരോധിച്ചത്.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളേജ് അധികൃതര്‍ തടഞ്ഞത് രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ഉഡുപ്പിയിലെ വനിതാ പിയു കോളേജിലും കുന്ദാപുരിയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. നടപടിയ്‌ക്കെതിരെ നിരവധി വിദ്യാര്‍ഥിനികളാണ് രംഗത്തെത്തിത്തിയിരിക്കുന്നത്.

ഇന്നലെ കാവി ഷാള്‍ ധരിച്ചെത്തിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ഒറ്റപ്പെടുത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Exit mobile version