തണുപ്പകറ്റാന്‍ റൂമില്‍ തീ കത്തിച്ചു; പുക ശ്വസിച്ച് സൗദിയില്‍ പത്തനംതിട്ട സ്വദേശിയ്ക്ക് ദാരുണാന്ത്യം

അബഹ: കൊടും തണുപ്പില്‍ നിന്നും രക്ഷയ്ക്കായി റൂമില്‍ കത്തിച്ച പുക ശ്വസിച്ച് മലയാളി യുവാവിന് സൗദിയില്‍ ദാരുണാന്ത്യം. സൗദി അറേബ്യയിലെ ഖമീസ് മുഷയ്ത്തിലാണ് പുക ശ്വസിച്ച് പത്തനംതിട്ട തെങ്ങമം സ്വദേശി സുഭാഷ് (41) മരണപ്പെട്ടത്.
സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ മകനാണ്.

കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയില്‍ നിന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. രണ്ടു കൊല്ലം മുമ്പ് ഹൗസ് ഡ്രൈവര്‍ വീസയില്‍ എത്തിയ സുഭാഷ് ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

അസീര്‍ പ്രവിശ്യയില്‍ തണുപ്പുകാലം ആയതിനാല്‍ രാത്രികാലങ്ങളില്‍ റൂമില്‍ തീ കത്തിച്ചാണ് തണുപ്പില്‍ നിന്ന് ആശ്വാസം കണ്ടെത്തിയിരുന്നത്. സുഭാഷ് പതിവുപോലെ മരണദിവസവും പെയിന്റ് പാട്ടയില്‍ തീ കത്തിച്ച് ഉറങ്ങി പോയി. ഇതില്‍ നിന്നുണ്ടായ പുക ശ്വസിച്ചതാണ് മരണകാരണം.

Read Also: ചരിത്ര ‘കൈ മാറ്റം’! 75 മിനിറ്റില്‍ സൂറത്ത് ടു മുംബൈ: 35കാരിയ്ക്ക് ആശ്രയമാകാന്‍ ഇനി 67കാരന്റെ കൈകള്‍


ഇന്ത്യന്‍ സോഷ്യല്‍ ഫോറമാണ് സൗദിയിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: റാണി (36), മക്കള്‍: സൂര്യ പ്രിയ(12), സൂര്യനാരായണന്‍ (7).

Exit mobile version