ഫ്രാങ്ക് കുടുംബത്തെ നാസികള്‍ക്ക് ഒറ്റിക്കൊടുത്തതാര് ? 77 വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തരം കണ്ടെത്തി ഗവേഷകസംഘം

ആംസ്റ്റര്‍ഡാം : ഹിറ്റ്‌ലറുടെയും നാസിപ്പടയുടെയും കൊടുംക്രൂരതകള്‍ തന്റെ ഡയറിയിലൂടെ ലോകത്തിന് മുന്നിലെത്തിച്ച ആന്‍ ഫ്രാങ്കിന്റെ കുടുംബത്തെ ഒറ്റിക്കൊടുത്തതാരെന്ന് 77 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി ഗവേഷകസംഘം. ആനും കുടുംബവും അഞ്ച് വര്‍ഷത്തോളം ഒളിവില്‍ താമസിച്ച ആംസ്റ്റര്‍ഡാമിലെ ജൂതവംശജന്‍ തന്നെയാണ് ഒളിത്താവളം നാസികളുടെ രഹസ്യപ്പോലീസായ ഗസ്റ്റപ്പോകള്‍ക്ക് കാട്ടിക്കൊടുത്തതെന്നാണ് മുന്‍ എഫ്ബിഐ ഏജന്റ് വിന്‍സ് പാന്‍കോക്കും ചരിത്രകാരന്മാരും അടങ്ങുന്ന സംഘം കണ്ടെത്തിയിരിക്കുന്നത്.

ആര്‍നള്‍ഡ് വാന്‍ ഡെന്‍ ബെര്‍ഗ് എന്ന ഇയാള്‍ സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് ഫ്രാങ്ക് കുടുംബത്തെ ഒറ്റു കൊടുത്തതെന്നാണ് നിഗമനം. കംപ്യൂട്ടര്‍ ആല്‍ഗരിതങ്ങളും മറ്റും ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് ആറ് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഒറ്റുകാരന്‍ ഇയാളാണെന്ന് കണ്ടെത്തിയത്. അക്കാലത്ത് ജീവിച്ചിരുന്നവരുടെ പരിചയശൃംഖല കണ്ടെത്താനായിരുന്നു ആല്‍ഗരിതത്തിന്റെ ഉപയോഗം.

ആംസ്റ്റര്‍ഡാം ജൂയിഷ് കൗണ്‍സിലിലെ അംഗമായിരുന്നു ആര്‍നള്‍ഡ്. ആംസ്റ്റര്‍ഡാമില്‍ ജൂതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ നാസി നയം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരായ ഈ കൗണ്‍സില്‍ 1943ല്‍ പിരിച്ചു വിടുകയും അംഗങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടയ്ക്കുകയും ചെയ്തിരുന്നു.കൗണ്‍സിലിലുള്ള ആരോ നാസികള്‍ക്ക് ഒളിവില്‍ താമസിക്കുന്ന ജൂതരുടെ വിവരങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് അന്നേ അംഗങ്ങള്‍ക്കിടയില്‍ സംശയമുണ്ടായിരുന്നു എന്നാണ് വിവരം.എന്നാല്‍ അനേകായിരം ജൂതര്‍ കൊലചെയ്യപ്പെട്ടിരുന്ന കാലത്തും ആര്‍നള്‍ഡ് ആംസ്റ്റര്‍ഡാമില്‍ സാധാരണ ജീവിതം നയിച്ചിരുന്നതായാണ് പറയപ്പെടുന്നത്.

എങ്കിലും 1944-45 കാലയളവില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ പോകാതിരിക്കാനാവില്ല എന്ന അവസ്ഥ എത്തിയതോടെ തന്റെയും ഭാര്യയുടെയും നിലനില്‍പ്പിനായി നിര്‍ണായകമായ എന്തെങ്കിലും വിവരം നാസികള്‍ക്ക് കൈമാറുക എന്നതായി ആര്‍നള്‍ഡിന്റെ അവസാനത്തെ വഴി. ഇതോടെയാണ് ഇയാള്‍ ഫ്രാങ്ക് കുടുംബത്തെ നാസികള്‍ക്ക് ഒറ്റിക്കൊടുത്തത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫ്രാങ്ക് കുടുംബത്തെ പറ്റി നാസികള്‍ക്ക് വിവരം കൈമാറിയതിന് പിന്നില്‍ ജൂത വംശജന്‍ തന്നെയാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസപ്പെട്ടു എന്നാണ് ഗവേഷകരുടെ അഭിപ്രായം. നേരത്തേ തന്നെ ഈ കാര്യം ആന്‍ ഫ്രാങ്കിന്റെ അച്ഛനായ ഓട്ടോ ഫ്രാങ്കിന് അറിയാമായിരുന്നു എന്നതിന്റെ തെളിവ് മറ്റൊരു അന്വേഷണ സംഘം ഇതിന് മുമ്പ് കണ്ടെത്തിയിരുന്നു. കുടുംബത്തെ ഒറ്റിയതാരെന്നത് സംബന്ധിച്ച് ഓട്ടോ ഫ്രാങ്കിന് അയച്ചതെന്ന് കരുതപ്പെടുന്ന ഒരു കത്താണ് ഇതിനാധാരം. ഈ കാലഘട്ടത്തില്‍ ജൂതവിരുദ്ധ നിറഞ്ഞു നിന്നതിനാലാവാം ഇദ്ദേഹമിത് വെളിപ്പെടുത്താതിരുന്നതെന്നും ഗവേഷകര്‍ സംശയിക്കുന്നു.

“ആന്‍ ഫ്രാങ്കിനെയും കുടുംബത്തെയും ഒറ്റിക്കൊടുത്തത് മറ്റൊരു ജൂതവംശജനാണെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ തെളിവുകളെല്ലാം ഇക്കാര്യം ബലപ്പെടുത്തുന്നതിനാല്‍ വിശ്വസിച്ചേ മതിയാകൂ. ആര്‍നള്‍ഡിനെപ്പറ്റി ഓട്ടോഫ്രാങ്കിന് അറിയാമായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു കത്ത് മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കത്ത് പുറത്ത് വിട്ടാല്‍ ജൂതവിരുദ്ധ ആളിപ്പടരാന്‍ മാത്രമേ അതുപകരിക്കൂ എന്ന് അദ്ദേഹത്ത് അന്നേ മനസ്സിലായിരുന്നിരിക്കാം. സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ആര്‍നള്‍ഡിനെ നാസികള്‍ ഏല്‍പ്പിച്ച ചുമതല എത്രത്തോളം ഭീകരമായിരുന്നുവെന്നും നാം മനസ്സിലാക്കണം. അതിന് ആര്‍നള്‍ഡിന് എത്രത്തോളം വില കൊടുക്കേണ്ടി വന്നിരുന്നു എന്നും. “എഫ്ബിഐ ഏജന്റ് വിന്‍സ് പാന്‍കോക്ക് മാധ്യമങ്ങളോട് പറഞ്ഞു.

1950ലാണ് ആര്‍നള്‍ഡ് മരിക്കുന്നത് എന്നാണ് വിവരം. 1945ലാണ് ഫ്രാങ്ക് കുടുംബം നാസികളുടെ പിടിയിലാകുന്നത്. കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ വെച്ച് ആനും സഹോദരി മാര്‍ഗരറ്റും അമ്മയും കൊല്ലപ്പെട്ടിരുന്നു. ഓഷ്വിറ്റ്‌സിലുണ്ടായിരുന്ന ഓട്ടോ ഫ്രാങ്കടക്കമുള്ള മറ്റ് ജൂതരെ പിന്നീട് സോവിയറ്റ് യൂണിയന്‍ രക്ഷപെടുത്തി. ആനിനൊപ്പം ഒളിസങ്കേതത്തില്‍ കഴിഞ്ഞവരില്‍ ഓട്ടോ ഫ്രാങ്ക് മാത്രമാണ് രക്ഷപെട്ടത്.

Exit mobile version